ഒറ്റദിവസം ഇറാൻ തൂക്കിലേറ്റിയത് 12 ന്യൂനപക്ഷ വിഭാഗക്കാരെ

Thursday 09 June 2022 3:55 AM IST

ടെഹ്‌റാൻ : ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ ഉൾപ്പെടെ 12 പേരുടെ വധശിക്ഷ ഒ​റ്റദിവസം നടപ്പാക്കിയ ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. കൊലപാതകം, മയക്കുമരുന്നുകടത്ത് കേസുകൾ ആരോപിക്കപ്പെട്ട ഇവരെ തിങ്കളാഴ്ച രാവിലെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് നോർവെ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തി.

ഇറാനിലെ ന്യൂനപക്ഷമായ ബലൂച് വംശജരായ സുന്നി വിഭാഗത്തിൽപ്പെട്ടവരാണ് തൂക്കിലേറ്റപ്പെട്ട എല്ലാവരും. 2019ൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസാണ് സ്ത്രീക്ക് മേൽ ചുമത്തിയിരുന്ന കുറ്റം. ആറ് പേർക്കെതിരെയാണ് മയക്കുമരുന്ന് കേസ്. അഫ്ഗാൻ, പാക് അതിർത്തികൾക്ക് സമീപം സിസ്ഥാൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലെ സഹേദാൻ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷകൾ ഇറാനിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇറാനിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകൾ ആശങ്കാജനകമാണെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു. കഴിഞ്ഞ വർഷം 333 പേരെയാണ് ഇറാനിൽ തൂക്കിലേറ്റിയത്. ഇതിൽ 20 ശതമാനത്തിലേറെ ന്യൂനപക്ഷ വിഭാഗക്കാരാണെന്നാണ് കണക്ക്.

രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ആംനസ്​റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ വധശിക്ഷകൾ ഉൾപ്പെടെയുള്ള നടപടികൾ ഭരണകൂടം തീവ്രമാക്കിയതായി ദ നാഷണൽ കൗൺസിൽ ഒഫ് റെസിസ്റ്റൻസ് ഒഫ് ഇറാൻ ആരോപിക്കുന്നു. അതേ സമയം, സംഭവത്തിൽ ഇറാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement
Advertisement