നെല്ലു സംഭരണം ഇതുവരെ, കർഷകർക്ക് നൽകിയത് 151.39 കോടി.

Friday 10 June 2022 12:00 AM IST

കോട്ടയം: വേനൽമഴ താറുമാറാക്കിയ നെല്ലുസംഭരണം അന്തിമഘട്ടത്തിൽ. കുറച്ചു പാടശേഖരങ്ങളിലെ സംഭരണമേ ഇനി പൂർത്തിയാവാനുള്ളൂ. ഇതുവരെ 46400 ടൺ നെല്ലാണ് സംഭരിച്ചത്.

12100 കർഷകരുടെ 38556 ഏക്കർ സ്ഥലത്തെ നെല്ലാണ് ഇക്കുറി സംഭരിച്ചത്. കോട്ടയം സപ്ലൈകോ പാഡി വിഭാഗത്തിന് കീഴിലുള്ള കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലായി നെല്ലു സംഭരിച്ച വകയിൽ 151.39 കോടി രൂപ നൽകി. പി.ആർ.എസ്.ഹാജരാക്കി ബാങ്കിൽ നിന്ന് പണം എടുക്കാൻ സാഹചര്യമുള്ളതിനാൽ കർഷകർക്ക് ഇത്തവണ കാര്യമായ ബുദ്ധിമുട്ടുണ്ടായില്ലെന്ന് അധികൃതർ പറയുന്നു. ഇനി 19.42 കോടി രൂപയാണ് സംഭരിച്ച വകയിൽ കൊടുക്കാനുള്ളത്.
ഇക്കുറി പ്രതികൂല സാഹചര്യങ്ങൾക്കിടയിലാണ് പുഞ്ചകൃഷി പൂർത്തിയാകുന്നത്. നവംബർ പകുതിയോടെ നടക്കുറുള്ള പുഞ്ചകൃഷിയുടെ വിത ഇത്തവണ വളരെ വൈകിയിരുന്നു. കാലവർഷം വൈകിയതാണ് തിരിച്ചടിയായത്. തുടർന്ന് മാസങ്ങൾ വൈകി വിത പൂർത്തിയാക്കിയതിനു പിന്നാലെ വേനൽ മഴയെത്തിയിരുന്നു. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൊയ്യാറായ നെല്ല് വെള്ളത്തിൽ മുങ്ങി നശിച്ചു. മാടപ്പള്ളിയിൽ ഒരു പാടശേഖരത്തിൽ നിന്ന് ഒരു മണി നെല്ലു പോലും വിൽക്കാനാകാതെ വെള്ളത്തിനടിയിലായിരുന്നു.

കൂട്ടിയ തുക അടുത്ത തവണ.

കേന്ദ്രസർക്കാർ നെല്ലിന്റെ തറവില ഉയർത്തിയത് ഗുണകരമാകുമെങ്കിലും അടുത്ത സീസൺ മുതലേ ലഭിക്കൂ. വില ക്വിന്റലിന് നൂറു രൂപയാണ് വർദ്ധിപ്പിച്ചത്. ഇതിനൊപ്പം കഴിഞ്ഞ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 രൂപയും കൂട്ടി ഒരു കിലോ നെല്ലിന് 1.20 രൂപയുടെ വർദ്ധന അടുത്ത സീസൺ മുതൽ ലഭിക്കും.

Advertisement
Advertisement