ഭക്ഷ്യവിഷബാധ: ഒടുവിൽ സ്കൂൾ പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പും

Thursday 09 June 2022 9:45 PM IST

തൃശൂർ: സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാനുള്ള പരിശോധനാ സംഘത്തോടൊപ്പം ഇന്നലെ മുതൽ ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരും രംഗത്ത്. മിക്കവാറും ഉപജില്ലകളിലെ സ്‌കൂളുകളിൽ ഇന്നലെ പരിശോധന നടത്തി. വെള്ളവും സ്റ്റോർ റൂമും പാചകപ്പുരയും ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും ടോയ് ലെറ്റ് ബ്‌ളോക്കും കുട്ടികൾ ഭക്ഷണം കഴിക്കുന്ന സ്ഥലവും ലാബും ലൈബ്രററികളും അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു പരിശോധന.

ശുചിത്വക്കുറവോ വിഷബാധയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങളോ കണ്ടെത്തിയില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാൻ ജനപ്രതിനിധികളും വിദ്യഭ്യാസ ആരോഗ്യ ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രീ പ്രൈമറി ക്‌ളാസുകളിലെ കുട്ടികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങളില്ലെന്ന് ഉറപ്പുവരുത്താനും ചില സ്‌കൂളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ചില സ്‌കൂളുകളിൽ പുകയില രഹിത മേഖല, പുകവലി ശിക്ഷാർഹം തുടങ്ങിയ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ബോർഡുകളില്ലെന്ന ആക്ഷേപമുണ്ട്. ഫലപ്രദമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലെന്നും പരാതി ഉയർന്നിരുന്നു. പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പില്ലെന്ന ആക്ഷേപത്തെ തുടർന്ന്, കേരളകൗമുദി ഇത് സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പരിശോധനയ്ക്ക് നിർദ്ദേശമോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്നും ജീവനക്കാരുടെ സ്‌ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നുമായിരുന്നു അന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതരുടെ മറുപടി. ജീവനക്കാരും മേഖലാതല ഓഫീസർമാരും വേണ്ടത്രയില്ലെന്നും വിശദീകരിച്ചിരുന്നു.

കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച് മന്ത്രിയും

മന്ത്രി കെ.രാജൻ തൃശൂർ ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ ഭക്ഷണവിതരണം പരിശോധിക്കാനെത്തി. കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്. നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകളിൽ എം.എൽ.എമാരും പരിശോധനയ്‌ക്കെത്തിയിരുന്നു. കുട്ടികളോടൊപ്പം അവർ ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികൾ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

ലക്ഷ്യം തെറ്റിയോ?

സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവെച്ച് സർക്കാർ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിന്റെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചുവെന്ന ആശങ്കയാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പങ്കുവെയ്ക്കുന്നത്. സ്‌കൂൾ തലം മുതൽ ആരോഗ്യകരവും വിഷരഹിതവുമായ ഭക്ഷണരീതി കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. വീട്ടിൽ ഭക്ഷ്യവിഭവങ്ങൾ പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന ഉറപ്പ് സർക്കാർ സംവിധാനം നൽകണമെന്നും അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, മത്സ്യം, കറിപൗഡറുകൾ എന്നിവയിൽ മായം കലർന്നിട്ടുണ്ടോയെന്ന പരിശോധന അതിന്റെ ഉറവിടത്തിൽ തന്നെയാണ് നടത്തേണ്ടതെന്നും ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ ഭക്ഷ്യനയം രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

വരും ദിവസങ്ങളിലും സ്‌കൂളിൽ വ്യാപകമായ പരിശോധന തുടരും. ഗുരുതരമായ വീഴ്ചകളോ മറ്റോ സ്‌കൂളുകളിലുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ശുചിത്വം ഉറപ്പാക്കുന്നത് അടക്കമുള്ള ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ടി.വി. മദനമോഹനൻ
ഡി.ഡി.ഇ.

Advertisement
Advertisement