'സ്കൂളിലെ ഉച്ചയൂണ് ഗംഭീരം' കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് റവന്യൂമന്ത്രി

Thursday 09 June 2022 9:50 PM IST

തൃശൂർ: പരിപാടികളിൽ നിന്ന് പരിപാടികളിലേക്കുള്ള ഓട്ടത്തിനിടയ്ക്ക് ഉച്ചഭക്ഷണം തൃശൂർ മോഡൽ ഗേൾസ് സ്‌കൂളിലാക്കി റവന്യൂമന്ത്രി കെ.രാജൻ. കുട്ടികൾക്കൊപ്പം വരിനിന്ന് ചോറും, സാമ്പാറും, അവിയലും, സാലഡും, പപ്പടവും വാങ്ങി അവരിലൊരാളായിരുന്ന് മന്ത്രി ഭക്ഷണം കഴിച്ചു. അടുത്തിരുന്ന കുട്ടികളോട് കുശലം പറഞ്ഞും അവരുടെ പേരും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞും മന്ത്രി എറെ സമയം ചെലവഴിച്ചു. ഭക്ഷണത്തിന് ശേഷം കുട്ടികളോട് ഉച്ചഭക്ഷണം എങ്ങനെയുണ്ടെന്നും മന്ത്രി ചോദിച്ചറിഞ്ഞു. നല്ലതെന്ന് കുട്ടികൾ പറഞ്ഞു. ഉച്ചഭക്ഷണം ഗംഭീരമായിരുന്നുവെന്ന് മന്ത്രിയും അഭിപ്രായപ്പെട്ടു.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ചോറ്റുപാത്രങ്ങളിൽ പ്രതിഫലിച്ചിരുന്നിടത്ത് നിന്ന് എല്ലാവർക്കും സ്‌കൂളിൽ നിന്ന് ഒരേ പോലെയിരുന്ന് നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം എ.ഡി.എം റെജി പി.ജോസഫും വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദനമോഹനനും ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഇടയിൽ എത്തിയ മേയർ എം.കെ വർഗീസും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും വർഗീസ് കണ്ടംകുളത്തിയും മന്ത്രിയോടും കുട്ടികളോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ക്ലാസ് മുറികൾ സന്ദർശിച്ചും അവരുടെ പാട്ടുകൾ ആസ്വദിച്ചും കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചുമാണ് മന്ത്രി മടങ്ങിയത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധികചുമതല വഹിക്കുന്ന പി.എം.ബാലകൃഷ്ണൻ, ജില്ലാ നൂൺ ഫീഡിംഗ് സൂപ്പർവൈസർ ബിനു വർഗീസ് , ഹെഡ്മിസ്ട്രസ് കെ.പി.ബിന്ദു, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ എന്നിവരും മന്ത്രിക്കൊപ്പം സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു.

Advertisement
Advertisement