എഴുതിത്തള്ളേണ്ടകേസല്ല അത്

Friday 10 June 2022 12:00 AM IST

കേരള സർവകലാശാലയിലെ കുപ്രസിദ്ധമായ 2008-ലെ അസിസ്റ്റന്റ് നിയമന കുംഭകോണക്കേസ് എന്നന്നേയ്ക്കുമായി കുഴിച്ചുമൂടാൻ നടന്ന സംഘടിത നീക്കത്തിന് വിജിലൻസ് കോടതി തടയിട്ടതിൽ അത്ഭുതമൊന്നുമില്ല. ഒറ്റനോട്ടത്തിൽത്തന്നെ പ്രകടമായ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ കേസായിരുന്നു ഇത്. തുടരന്വേഷണത്തിൽ തെളിവൊന്നും ലഭിക്കാത്തതിനാൽ എഴുതിത്തള്ളാനുള്ള അപേക്ഷയുമായി ക്രൈംബ്രാഞ്ച് എത്തിയതിനു പിന്നിൽ തട്ടിപ്പിനു പിന്നിലെ കറുത്ത ശക്തികൾ തന്നെയാണുള്ളത്. അക്കാര്യം ബോദ്ധ്യമായതുകൊണ്ടാണ് തുടരന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ക്രൈംബ്രാഞ്ചിനു നിർദ്ദേശം നൽകിയത്.

അസിസ്റ്റന്റ് നിയമനത്തിനായുള്ള പരീക്ഷയെഴുതിയ നാല്പതിനായിരം അപേക്ഷകരെ വിഡ്ഢികളാക്കിയാണ് സർവകാര്യങ്ങളും നടന്നതെന്ന് അന്നേ പരാതി ഉയർന്നിരുന്നു. എഴുത്തുപരീക്ഷയിൽ ഏറ്റവും പിന്നിലായവർ പോലും നിയമനലിസ്റ്റിൽ കടന്നുകൂടിയതും ഇന്റർവ്യൂവിൽ നൽകിയ ഉയർന്ന മാർക്കാണ് അതിന് അവരെ പ്രാപ്തരാക്കിയതെന്നും തെളിവു സഹിതം റിപ്പോർട്ടുകൾ വന്നിരുന്നു. നിയമനം ലഭിച്ച 181 പേരിൽ അധികവും പാർട്ടിക്കാരുടെ ബന്ധുക്കളും ചാർച്ചക്കാരുമൊക്കെയായിരുന്നു. പരീക്ഷയും ഇന്റർവ്യൂവുമൊക്കെ പ്രഹസനമായതോടെ പലരും നിയമവഴി തേടിയിരുന്നു. ലോകായുക്തയുടെയും പിന്നീട് ഹൈക്കോടതിയുടെയും ഇടപെടലുകളെത്തുടർന്നാണ് നിയമനത്തട്ടിപ്പിനെക്കുറിച്ച് കേസും അന്വേഷണവുമൊക്കെ ഉണ്ടായത്. വ്യക്തമായ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് അന്വേഷണങ്ങൾക്കു നേതൃത്വം വഹിച്ച ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്. വിരമിക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇതുണ്ടായതെന്നതും ശ്രദ്ധേയമാണ്. നിയമനങ്ങളിൽ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് തന്നെ ആദ്യം കണ്ടെത്തിയിരുന്നു. എന്നാൽ കുറ്റപത്രം വന്നപ്പോൾ തെളിവുകൾ പലതും മറച്ചുവയ്ക്കപ്പെടുകയോ വിട്ടുകളയുകയോ ചെയ്തു. പിഴവുകൾ തീർത്ത് പുതിയ കുറ്റപത്രം തയ്യാറാക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. നിയമനം ലഭിച്ചവരെയും കേസിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ തട്ടിപ്പു നടന്നുവെന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയത്. മാത്രമല്ല ഉത്തരക്കടലാസ് വീണ്ടെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടുകഴിഞ്ഞതിനാൽ തെളിവു ശേഖരണം അസാദ്ധ്യമെന്നു പറഞ്ഞ് കൈമലർത്തുകയും ചെയ്തു.
ഉത്തരക്കടലാസ് മനഃപൂർവം നശിപ്പിക്കുക മാത്രമല്ല മാർക്ക് രേഖപ്പെടുത്തിയ കമ്പ്യൂട്ടറും കണ്ടെടുക്കാനാവാത്ത വിധം ഒളിപ്പിച്ചു. വാല്യുവേഷനുവേണ്ടി ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്കു കൈമാറിയ ഉത്തരക്കടലാസുകളിൽ കുറേയെണ്ണം അപ്രത്യക്ഷമായതിലുമുണ്ട് ദുരൂഹത.

തട്ടിപ്പിനു ചുക്കാൻ പിടിച്ചവരെയും നിയമനം തരപ്പെടുത്തിയവരെയും എങ്ങനെയും സംരക്ഷിക്കുക മാത്രമായിരുന്നു അന്വേഷണസംഘത്തിന്റെ ദൗത്യമെന്നു തെളിയിക്കുന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പ്രഹസനം. റാങ്ക് പട്ടികയിൽ ആദ്യം ഇടം പിടിച്ച 45 പേരിൽ 38 പേരും മുഖ്യഭരണകക്ഷിയുടെ ബന്ധുക്കളോ ചാർച്ചക്കാരോ ആണെന്ന് തെളിവുണ്ടായിട്ടും ആരും തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടില്ല.

അനധികൃതമായി നിയമനം നേടിയവർ ഇതിനകം പ്രൊമോഷനുകൾ സമ്പാദിച്ച് ഉന്നതനിലയിൽ ജോലിയിൽ തുടരുന്നതുകൊണ്ടുമാത്രം നിയമനത്തിൽ നടന്ന അഴിമതി ഇല്ലാതാകുന്നില്ല. സർവകലാശാലയിലെ ഉന്നതരും സർക്കാർ സംവിധാനങ്ങളുമെല്ലാം ചേർന്നു നടത്തിയ ഈ വൻ തട്ടിപ്പ് എത്രകാലം കഴിഞ്ഞാലും പുറത്തുവരിക തന്നെ വേണം. സർവകലാശാലാ നിയമനങ്ങൾ അതതു കാലത്ത് ഭരണത്തിലിരിക്കുന്നവർ ഇങ്ങനെ വീതിച്ചെടുക്കാൻ തുടങ്ങിയാൽ സ്വാധീനമില്ലാത്തവർ തൊഴിലിന് അഗതികളായി അലയേണ്ടിവരും. അസിസ്റ്റന്റ് നിയമന കുംഭകോണ കേസിന്റെ പുനരന്വേഷണം ശരിയായ വഴിക്കുതന്നെ നടക്കണം. ജനങ്ങൾക്ക് ആകെ ആശ്രയം നീതിപീഠങ്ങൾ മാത്രമാണ്.

Advertisement
Advertisement