വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ അനധികൃത പന്നിഫാമുകൾ അടച്ചു പൂട്ടാനൊരുങ്ങി അധികൃതർ

Friday 10 June 2022 3:33 AM IST

മലയിൻകീഴ്: വിളപ്പിൽ പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന 11 പന്നിഫാമുകൾ സന്ദർശിച്ച ശേഷം അടച്ചുപൂട്ടാനുള്ള അന്തിമ നോട്ടീസ് അധികൃതർ നൽകി.പഞ്ചായത്ത് അംഗങ്ങളും സെക്രട്ടറിയും ആരോഗ്യ വകുപ്പും പൊലീസും ചേർന്നാണ് ഫാമുകൾ സന്ദർശിച്ചത്.

ചെറുകോട്,കാരോട് തുടങ്ങിയ സ്ഥലങ്ങളിലെ തോടുകളും,കുടിവെള്ള സ്ത്രോതസുകളും മലിനമാക്കിയും മാലിന്യ മലകൾ സൃഷ്ടിച്ചും വിളപ്പിൽശാലയെ വീണ്ടും മാലിന്യ കേന്ദ്രമാക്കുന്ന കാഴ്ചകളാണ് കണ്ടതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി കേരളകൗമുദിയോട് പറഞ്ഞു.

നഗരത്തിലെ ഹോട്ടലുകളിലേയും വീടുകളിലേയും മാലിന്യങ്ങളാണ് പന്നിഫാമുകളിൽ എത്തുന്നത്.ഇത്തരത്തിൽ ഒരു മാലിന്യം കയറ്റി വന്ന വാഹനം നാട്ടുകാർ പിടികൂടിയിരുന്നു.വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അധികൃതരും,ആരോഗ്യ വിഭാഗവും ചേർന്ന് മാലിന്യം കുഴിച്ചുമൂടി.പന്നികളെ നീക്കം ചെയ്തില്ലെങ്കിൽ പഞ്ചായത്ത് ഇടപെട്ട് പന്നികളെ നീക്കം ചെയ്യുമെന്ന് ഫാം ഉടമകൾക്ക് നൽകിയ നോട്ടീസിലുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ,വൈസ് പ്രസിഡന്റ് ഡി.ഷാജി, സെക്രട്ടറി ജി.എസ്.ഹരി,പഞ്ചായത്ത് അംഗങ്ങളായ ജോർജുകുട്ടി, ചന്ദ്രബാബു,അനീഷ്,രാജൻ,സജിതശശിധരൻ,മഞ്ജു,ടി.എസ്. കവിത,കവിത രാജേഷ്, ഗീതാകുമാരി,വത്സല എന്നിവരടങ്ങിയ സംഘമാണ് പന്നിഫാമുകൾ സന്ദർശിച്ചത്. പന്നി ഫാമുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്.

Advertisement
Advertisement