പാടങ്ങളിലെ വെള്ളം മത്സ്യങ്ങൾക്ക് ഭീഷണി

Saturday 11 June 2022 12:22 AM IST

ആലപ്പുഴ : കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്ന് പുറംതള്ളുന്ന വെള്ളം കുട്ടനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിന്റെ വംശനാശത്തിന് കാരണമാകുന്നു. കരിമീൻ, കൊഞ്ച്, ചെമ്മീൻ, കാര, കട്ട്‌ള , കാളാഞ്ചി, കണമ്പ്, കൊഴുവ, വരാൽ, മഞ്ഞക്കൂരി, വറ്റ, നഞ്ചുകരിമീൻ, കാരി, ചേറുമീൻ തുടങ്ങിയ ഇനം മത്സ്യങ്ങളാണ് വംശനാശഭീഷണി നേരിടുന്നത്.

പുഞ്ചകൃഷിയുടെ വിളവെടുപ്പ് പൂർത്തികരിച്ച പാടശേഖരങ്ങളിൽ നിന്ന് പുറത്തേക്ക് പമ്പ്ചെയ്തു പൊതുജലാശയത്തിലേക്ക് വിടുന്ന ജലത്തിൽ ഓർഗാനിക് ആസിഡിന്റെ അളവ് കൂടുതലാണ്. ഇത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നതിനാൽ മത്സ്യങ്ങളുടെ ജീവനെയും പ്രജനത്തെയും ആവാസവ്യവസ്ഥയെയും ബാധിച്ച് വംശനാശത്തിലേക്ക് നയിക്കും.

ചില സ്വകാര്യ ഏജൻസികൾ നടത്തിയ മത്സ്യങ്ങളുടെ കണക്കെടുപ്പിൽ, വലിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവുള്ളതായി കണ്ടെത്തി. കഴിഞ്ഞ 14 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കുറവാണ് ഇത്തവണത്തെ കണക്കെടുപ്പിൽ കണ്ടെത്തിയത്. കായലിനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നത് അരലക്ഷത്തോളം മത്സ്യത്തൊഴികളും അനുബന്ധ തൊഴിലാളികളുമാണുള്ളത്. മുമ്പ് 250ലേറെ ഇനം നാടൻ മത്സ്യങ്ങൾ കുട്ടനാടൻ ജലാശയങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ 100ൽ താഴെ ഇനം മത്സ്യങ്ങ

ളെയേ കാണുന്നുള്ളൂ.

മലിനീകരണം രൂക്ഷം

കുട്ടനാട്ടിൽ 30,0000 ഹെക്ടർ പാടശേഖരത്തിൽ നിന്ന് കോടിക്കണക്കിന് ലിറ്റർ ഓർഗാനിക് ആസിഡ് കലർന്ന വെള്ളമാണ് പുഴയിലേയ്ക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നത്. കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിലെ കുറ്റി കച്ചി അഴുകുന്നതിനായി 15സെന്റി മീറ്റർ ഘനത്തിൽ വെള്ളം നിറച്ച് ഒരാഴ്ച കഴിഞ്ഞ് പുറത്തേക്ക് വിടുകയാണ് പതിവ്. . മുൻകാലങ്ങളിൽ കൊയ്ത്തിന് ശേഷം നിലം ഉഴുത് കുമ്മായമോ യൂറിയയോ വിതറി ഒരാഴ്ച വെള്ളംകയറ്റി നിർത്തിയ ശേഷം തുറന്നു വിടുന്നതിലൂടെ വലിയ മലിനീകരണം ഉണ്ടാകുകയില്ലായിരുന്നു. പാടശേഖരങ്ങളിൽ നിന്നു രാസവളവും കീടനാശിനിയും കലർന്ന വെള്ളം കായലിലെത്തുന്നതും മലിനീകരണത്തിന് മറ്റൊരു കാരണമാണ്.

കായലിന്റെ ആഴം കുറഞ്ഞു

കുട്ടനാട് പോലെതന്നെ വേമ്പനാട്ട് കായലിലും മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. മത്സ്യസമ്പത്ത് ഒഴിയാതിരിക്കാൻ അഞ്ചു വർഷത്തിനിടെ ഫിഷറീസ് വകുപ്പ് നിക്ഷേപിച്ചത് വിവിധ ഇനങ്ങളിലുള്ള രണ്ടുകോടിയിലധികം മത്സ്യക്കുഞ്ഞുങ്ങളെയാണ്. ഒരു കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മലിനീകരണവും മണലടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതുമാണ് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമായത്. കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് അടിയുന്നത് മത്സ്യങ്ങളുടെ നാശത്തിനു കാരണമാകുന്നതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ് ) ഉൾപ്പെടെയുള്ള ഏജൻസികൾ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. തണ്ണീർമുക്കം, ആലപ്പുഴ മേഖലകളിൽ കായലിന്റെ ആഴം എട്ട് മുതൽ ഒമ്പത് മീറ്റർ വരെയായിരുന്നു. ഇപ്പോൾ 1.6 മുതൽ 4.5 മീറ്റർ വരെയായി കുറഞ്ഞു. ഒഴുകിയെത്തിയ എക്കൽ അടിഞ്ഞതാണ് ആഴം കുറയാൻ കാരണം.

"മത്സ്യസമ്പത്തിന്റെ നാശം ഒഴിവാക്കാൻ കൃഷിക്ക് ദോഷകരമല്ലത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തി ജലത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാൻ അധികാരികൾ തയ്യാറാകണം.

-പ്രദീപൻ, ഉൾനാടൻ മത്സ്യത്തൊഴിലാളി, കൈനകരി

Advertisement
Advertisement