മൊബൈൽ വിമുക്തിക്ക് 'കൂട്ട്' , സ്‌കൂളുകളിൽ ക്‌ളാസുകൾക്ക് പൊലീസും

Saturday 11 June 2022 12:22 AM IST

തൃശൂർ: കൊവിഡ് കാലത്ത് പഠനം ഓൺലൈനിലായതോടെ വിദ്യാർത്ഥികളുടെ മൊബൈൽ അടിമത്തം ഒഴിവാക്കാനും കുട്ടികളെ നേർവഴിക്ക് നയിക്കാനും ഇനി പൊലീസിന്റെ 'കൂട്ട്'. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ പൊലീസും കൗൺസിലർമാരും ചേർന്ന് നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നേരത്തേ നടപ്പാക്കിയ 'കിഡ്‌സ് ഗ്ലോവ്' പദ്ധതിയുടെ തുടർച്ചയായാണ് 'കൂട്ട്'. മൊബൈലിന്റെ അമിത ഉപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകർക്കും ദിശാബോധം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് മറ്റ് ജില്ലകളിലുമുണ്ടാകും.

മൊബൈൽ ഫോൺ അമിത ഉപയോഗത്തിന് അടിമപ്പെട്ട കുട്ടികൾക്ക് കൗൺസലിംഗ് നൽകുകയാണ് പ്രധാനലക്ഷ്യം. ജില്ലകളിൽ കൗൺസിലർമാരെ നിയോഗിക്കും. മൊബൈൽ ദുരുപയോഗം തടയാൻ മൊബൈൽ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും ഉപയോഗത്തിൽ നിന്നും കുട്ടികളെ മുൻപ് മാറ്റി നിറുത്തിയിരുന്നെങ്കിലും കൊവിഡ് കാലം എല്ലാം മാറ്റിമറിച്ചു. വിദ്യാഭ്യാസം തന്നെ ഓൺലൈനായതോടെ മാതാപിതാക്കൾക്കും കുട്ടികൾക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.

മൊബൈൽ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും അമിത ഉപയോഗം കൂട്ടികളുടെ ആരോഗ്യത്തെ തന്നെ ഗുരുതരമായി ബാധിക്കുന്നു. കണ്ണുകൾക്കും മസ്തിഷ്‌കത്തിനും അടക്കം ദോഷകരമായി. ആശുപത്രികളിൽ ചികിത്സ തേടുന്ന വിദ്യാർത്ഥികളുടെ എണ്ണവും കൂടി. മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാത്ത നിരാശയിൽ തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. രാത്രി ഉറക്കമൊഴിഞ്ഞ് കൊറിയൻ ബാൻഡ് വീഡിയോകൾ കാണുന്ന ശീലം കടുത്ത വിഷാദത്തിനും മാനസികപിരിമുറുക്കത്തിനും കാരണമാകുകയായിരുന്നു.

  • അദ്ധ്യാപക-വിദ്യാർത്ഥി ബന്ധം ഉറപ്പിക്കണം

അദ്ധ്യാപകരുമായി നല്ല ബന്ധം പുലർത്തി, രക്ഷിതാക്കൾ പരസ്പരം മക്കളുടെ വിശേഷങ്ങൾ കൈമാറേണ്ടതും അനിവാര്യമാണെന്നാണ് പൊലീസും മാനസികാരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. കുറ്റകൃത്യങ്ങൾക്കുള്ള സാഹചര്യം കണ്ടാലും കൗൺസിലിംഗ് സംബന്ധമായോ സംശയ നിവാരണങ്ങൾക്കും മടികൂടാതെ പൊലീസിനെ സമീപിക്കണം. സ്‌നേഹവും ക്ഷമയും നല്ല ശീലങ്ങളും കുട്ടികൾക്ക് പകർന്നു കൊടുക്കുന്നതിന് അല്പസമയം സ്‌കൂൾ വിശേഷങ്ങളും മറ്റും സന്തോഷകരമായി പങ്കിടാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും.

- മനോജ് എബ്രഹാം, എ.ഡി.ജി.പി.

  • പ്രതിവിധികൾ:
  • കുട്ടികൾക്ക് വീട്ടിൽ തന്നെ കൂടുതൽ സർഗാത്മകമായ കാര്യങ്ങൾ ചെയ്യാൻ പ്രേരണ നൽകണം.
  • വീടുകളിൽ അടച്ചിരിക്കുന്ന അവസ്ഥയുണ്ടാകാതെ മാനസികോല്ലാസം ലഭ്യമാക്കാൻ ശ്രമിക്കുക.
  • മൊബൈൽ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിൽ ക്‌ളാസ്സുകൾ നൽകുക.
  • പെരുമാറ്റവൈകല്യങ്ങളും സ്വഭാവവൈരുദ്ധ്യങ്ങളും നിസാരമാക്കി തള്ളികളയാതിരിക്കുക.

റോഡ് സുരക്ഷയ്ക്കും വിളിക്കാം വിദ്യാലയത്തിലേക്കുള്ള ഒരോ യാത്രയും സുരക്ഷിതമാക്കാൻ അത്യാവശ്യ ഘട്ടങ്ങളിൽ പൊലീസ് ഹെൽപ്പ് ലൈൻ നമ്പരായ 112ൽ വിളിക്കാം.

Advertisement
Advertisement