നഗരസഭ അദാലത്ത്: ആദ്യ ദിനം 87 അപേക്ഷകൾ തീർപ്പാക്കി

Saturday 11 June 2022 4:02 AM IST

തിരുവനന്തപുരം: നഗരസഭയിൽ ഇന്നലെ നടന്ന ഫയൽ അദാലത്തിന്റെ ആദ്യ ദിനത്തിൽ 87ഫയലുകൾ തീർപ്പാക്കി. ഏറ്റവും കൂടുതൽ പരാതി വന്നത് എൻജിനിയറിംഗ് വിഭാഗത്തിലാണ്. 52 പരാതികളാണ് ഇവിടെ എത്തിയത്. റവന്യു 20, പെൻഷൻ 11, ഹെൽത്ത് 2, യു.പി.എ 2 എന്നീ ക്രമത്തിലാണ് ഫയലുകൾ തീർപ്പാക്കിയത്. എൻജിനിയറിംഗ് വിഭാഗത്തിൽ 37 കെട്ടിടങ്ങൾക്ക് ഒക്യുപെൻസി നൽകുന്നതിനും, രണ്ടെണ്ണത്തിന് പെർമിറ്റ് നൽകാനും തീരുമാനിച്ചു. രണ്ടെണ്ണം അന്തിമ പരിഹാരത്തിനായി സർക്കാരിന് വിട്ടു. വിവിധ വകുപ്പുകളിലേക്ക് അയയ്ക്കുന്നതിലേക്കായി മൂന്നെണ്ണവും വിട്ടു. സ്ഥലപരിശോധന (2), ഹിയറിംഗ് (2), മറ്റ് നടപടികൾക്കായി (4) എന്നിങ്ങനെയും മാറ്റിവച്ചു. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരുന്ന എൻജിനിയറിംഗ് വിഭാഗത്തിൽ സെൻട്രൽ സോണിലെ (മെയിൻ ഓഫീസ് പരിധിയിലെ) ഫയലുകളാണ് ഇന്നലത്തെ അദാലത്തിൽ പരിഗണിച്ചത്. നോർത്ത്‌ സോണിലെ (കഴക്കൂട്ടം, ആറ്റിപ്ര, കടകംപള്ളി, ശ്രീകാര്യം, ഉള്ളൂർ, കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ്‌ സോണലുകൾ) അപേക്ഷകൾ 13നും സൗത്ത്‌ സോണിലെ (നേമം, തിരുവല്ലം, വിഴിഞ്ഞം,ഫോർട്ട്‌ സോണലുകൾ) 15നും രാവിലെ 10 മുതൽ നഗരസഭാ മെയിൻ ഓഫീസിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. എൻജിനിയറിംഗ് വിഭാഗത്തിലെ അപേക്ഷകൾ മാത്രമാണ് മൂന്നുഘട്ടമായി പരിഗണിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന അദാലത്തിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സലിം, പി. ജമീല ശ്രീധരൻ, ഡി.ആർ. അനിൽ, ജിഷ ജോൺ, ഡോ. റീന കെ.എസ് എന്നിവരും നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, സൂപ്രണ്ടിംഗ് എൻജിനിയർ ആർ.എസ്. അനിൽകുമാർ, ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ ആർ.എസ്, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Advertisement
Advertisement