ശ്രുതിയുടെ സ്ത്രീധന മരണം: നീതിയുടെ വാതിൽ തുറന്ന് കോടതി

Saturday 11 June 2022 4:25 AM IST

തൃശൂർ:ഏകമകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ രണ്ടരവർഷമായി ശ്രുതിയുടെ അച്ഛനും അമ്മയും മുട്ടാത്ത വാതിലുകളില്ല. സമരങ്ങൾ, ജനപ്രതിനിധികൾക്ക് നിവേദനങ്ങൾ...

ഒടുവിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ശ്രുതിയുടെ ഭർത്താവ് അരുണിനെയും ദ്രൗപതിയെയും അറസ്റ്റ് ചെയ്തത്.

രണ്ടര വർഷമായി പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് മുന്നോട്ടുനീങ്ങാത്തതിൽ പ്രതിഷേധിച്ചാണ് ശ്രുതിയുടെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ്, സ്ത്രീധന പീഡന മരണത്തിന് ഐ.പി.സി 304 (ബി) വകുപ്പ് ഇവർക്കെതിരെ ചുമത്തിയത്. നേരത്തേ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസ്. തെളിവു ലഭിച്ചാൽ കൊലക്കുറ്റവും ചുമത്താം.

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് അരുൺ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കൊലപാതകമാണെന്നും കാട്ടി ശ്രുതിയുടെ വീട്ടുകാർ പരാതി നൽകിയതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഫോറൻസിക് അനാലിസിസ് നടത്തിയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് ശ്രുതിയുടെ മരണമെന്ന് കണ്ടെത്തിയത് നിർണായകമായി.

കഴുത്തിലെ പേശികളിൽ സമ്മർദ്ദമേറ്റതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പ്രതികളെ നുണപരിശോധനയ്ക്കു വിധേയരാക്കിയെങ്കിലും റിപ്പോർട്ട് ലഭിച്ചില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.

വിദേശത്തും നാട്ടിലുമായി തയ്യൽ ജോലിയായിരുന്നു ശ്രുതിയുടെ അച്ഛൻ സുബ്രഹ്മണ്യന്. 150 പവൻ അരുൺ ആവശ്യപ്പെട്ടതായി മകൾ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അരുണിനും വീട്ടുകാർക്കും അതൃപ്തിയുണ്ടായിരുന്നു. മരണ ദിവസം ഇവരുടെ വീട്ടിൽ അടിപിടി നടന്നതായും ബഹളം കേട്ടതായും പരിസരവാസികൾ പറഞ്ഞിരുന്നു.

സംഭവസമയത്ത് അരുൺ സ്ഥലത്ത് ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ ജിമ്മിൽ പോയെന്നാണ് പറഞ്ഞിരുന്നത്. 8.15 നും 9.45നും ഇടയിലാണ് മരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണം നടന്നുവെന്ന് പറയുന്ന ടോയ്‌ലെറ്റ് 38 മണിക്കൂറിന് ശേഷം മാത്രമാണ് പൊലീസ് സീൽ ചെയ്തതെന്നുംഅതോടെ ശാസ്ത്രീയമായ തെളിവുകൾ നഷ്ടപ്പെട്ടെന്നും കുഴഞ്ഞു വീണ് മരിച്ചെന്ന് സ്ഥാപിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തിടുക്കം കാട്ടിയെന്നും ശ്രുതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതെല്ലാം സത്യമാണെന്ന് കോടതി കണ്ടെത്തി.

Advertisement
Advertisement