ഡിയർ സ്റ്റുഡന്റ്സ് നിവിൻ പോളി നായകൻ

Sunday 12 June 2022 6:13 AM IST

ചിത്രീകരണം ആഗസ്റ്റിൽ

നിവിൻ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് നവാഗതരായ സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് റോയ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ആഗസ്റ്റ് ആദ്യം ഇരിങ്ങാലക്കുടയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്നു. സ്കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധായകരുടേതാണ്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ നിവിൻ പോളി ചിത്രങ്ങളിൽ സഹസംവിധായകരായി പ്രവർത്തിച്ചവരാണ് സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയ്‌യും. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പുതിയ അഭിനേതാക്കളെ തേടി കൗതുകം നിറഞ്ഞ ടൈറ്റിൽ പോസ്റ്റർ മാസങ്ങൾക്കുമുൻപ് പുറത്തിറങ്ങിയത് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഡിയർ സ്റ്റുഡന്റ്സ്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖരവർമ്മ രാജാവ് എന്ന ചിത്രം പോളി ജൂനിയർ പിക്‌ചേഴ്സ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ആണ് റിലീസ് ഒരുങ്ങുന്ന നിവിൻപോളി ചിത്രം. ഇടവേളയ്ക്കുശേഷം ആസിഫ് അലിയോടൊപ്പം അഭിനയിച്ച മഹാവീര്യർ പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മാണം. ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും ഒരുമിക്കുന്ന ചിത്രമാണ് മഹാവീര്യർ .നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന പടവെട്ട് ആണ് നിവിൻ പോളിയുടെ ഒാണം റിലീസ്. സെപ്തംബർ രണ്ടിന് ചിത്രം തിയേറ്ററിൽ എത്തും.

Advertisement
Advertisement