എ.എം.ജി ജി.ടി ബ്ളാക്ക് സീരീസ്: ഇന്ത്യയിൽ ആദ്യ വില്പനയുമായി ബെൻസ്

Monday 13 June 2022 3:04 AM IST

കൊച്ചി: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡെസ്-ബെൻസ് സൂപ്പർ എക്സ്‌ക്ളുസീവ് മോഡലായ എ.എം.ജി ജി.ടി ബ്ളാക്ക് സീരീസിന്റെ ഇന്ത്യയിലെ ആദ്യ യൂണിറ്റ് വിറ്റഴിച്ചു. 5.5 കോടി രൂപയാണ് കാറിന് എക്‌സ്‌ഷോറൂം വില. ഉപഭോക്താവിന്റെ താത്പര്യാർത്ഥമുള്ള കൂട്ടിച്ചേർക്കലുകൾ (കസ്റ്റമൈസേഷൻ)​ വരുത്തുമ്പോൾ വില ഇതിലും ഉയരും.
എ.എം.ജി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് എ.എം.ജി ജി.ടി ബ്ളാക്ക് സീരീസ്. 730 എച്ച്.പി കരുത്തുള്ളതാണ് 4-ലിറ്റർ‌,​ വി8 എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇ 2-ഡോർ കൂപ്പേ മോഡലിന് വെറും 3.2 സെക്കൻഡ് ധാരാളം.
പൂജ്യത്തിൽ നിന്ന് 200 കിലോമീറ്റർ വേഗം 9 സെക്കൻഡിൽ കൈവരിക്കും. മണിക്കൂറിൽ 325 കിലോമീറ്റർ വരെ വേഗത്തിൽ എ.എം.ജി ജി.ടി ബ്ളാക്ക് സീരാസ് ചീറിപ്പായും. മോട്ടോർ‌സ്പോർട്‌സ് രംഗത്തെ മെഴ്‌സിഡെസ്-ബെൻസിന്റെ രാജകീയ പാരമ്പര്യം വ്യക്തമാക്കുന്നതാണ് രൂപകല്പന. സാങ്കേതികവിദ്യയിൽ കാലങ്ങളായി മെഴ്‌സിഡെസ്-ബെൻസ് കൈവരിച്ച മുന്നേറ്റത്തിന്റെ മികച്ച ഉദാഹരണവുമാണ് ഈ പുത്തൻ മോഡൽ.
ഇന്ത്യയിലെ സൂപ്പർകാർ പ്രേമികളിലൊരാളായ ഭൂപേഷ് റെഡ്ഡിയാണ് എ.എം.ജി ജി.ടി ബ്ളാക്ക് സീരീസിന്റെ ആദ്യ മോഡൽ സ്വന്തമാക്കിയതെന്ന് മെഴ്‌സിഡെസ് വ്യക്തമാക്കി. ഓർഡർ ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ മോഡലിന്റെ വില്പന അടുത്തമാസം നടക്കുമെന്ന് മെഴ്‌സിഡെസ്-ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെൻക് പറഞ്ഞു.
മെഴ്‌സിഡെസ്-ബെൻസിന് ഇന്ത്യ എക്കാലത്തും സുപ്രധാന വിപണികളിൽ ഒന്നാണെന്നും ലോകത്തെ ഏറ്റവും നൂതനവും എക്‌സ്‌ക്ളുസീവുമായ മോഡലുകൾ ഇന്ത്യയിലും അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് എ.എം.ജി ജി.ടി ബ്ളാക്ക് സീരീസ് ഇവിടെയും വിപണിയിലിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement