കുളിരു പകർന്ന് കൊക്കയാര്‍ വെള്ളച്ചാട്ടങ്ങൾ.

Monday 13 June 2022 12:00 AM IST

മുണ്ടക്കയം. മലയോരമേഖലയിലെ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിക്കാനെത്തുന്നവർ ഏറുന്നു. ഇടുക്കി ജില്ലയുടെ ഭാഗമായ കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി,വടക്കേമല ഭാഗത്താണ് കണ്ണിന് കുളിര്‍മ്മ നല്‍കുന്ന വെള്ളചാട്ടങ്ങള്‍. നൂറേക്കര്‍, പാപ്പാനി, വെള്ളപ്പാറ വെള്ളചാട്ടങ്ങളാണ് ഇതിൽ പ്രധാനം. ഉയരത്തില്‍ നിന്നും പരന്ന പാറയിൽ പതിച്ച് ചിതറിത്തെറിച്ചും നിരന്നൊഴുകിയും കടന്നുപോകുന്ന തൂവെള്ള നിറമുള്ള ജലപ്രവാഹം .ഈ മാസ്മരികകാഴ്ച ഏതൊരു സഞ്ചാരിയുടെയും ഉള്ളില്‍ മായാത്ത അനുഭൂതി നിറയ്ക്കും.
ഇത്രയും വെള്ളച്ചാട്ടങ്ങള്‍ അ‌ടുത്തടുത്തുള്ള മറ്റൊരു സ്ഥലം ഇല്ലെന്നു പറയാം. മുണ്ടക്കയം കൂട്ടിക്കല്‍ കൊക്കയാർ - വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും. വെംബ്ലിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മുന്നോട്ടുപോകുമ്പോള്‍ ആദ്യം കാണുക നൂറേക്കര്‍ വെള്ളച്ചാട്ടമാണ്. നൂറേക്കറിലെ കൊടുംവളവില്‍ ഇടതുവശത്ത് ഇരുപതു മീറ്റര്‍ അകലത്തിലാണിത്.

മുന്നോട്ടു നീങ്ങുന്ന സഞ്ചാരികള്‍ക്ക് നാനൂറുമീറ്റര്‍ സ്വകാര്യ റബര്‍ തോട്ടത്തിലൂടെ യാത്ര ചെയ്താല്‍ വെള്ളപ്പാറ വെള്ളച്ചാട്ടത്തിലെത്താം. അതിരപ്പളളി വെള്ളച്ചാട്ടം കഴിഞ്ഞാല്‍ ഒരുപക്ഷെ ഏറ്റവും വലുത് ഇതാകാം. രണ്ടായിരത്തിലധികം അടി ഉയരത്തില്‍ നിന്ന് തട്ടുപാറയിലൂടെ ഒഴുകി പതിക്കുന്നു ഇത്. വെള്ളപ്പാറയുടെ മുകളില്‍ നിന്നു താഴേയ്ക്കു പതിക്കുന്ന പാറക്കഷണങ്ങള്‍ അടിയിലെത്തുമ്പോള്‍ ചിന്നിചിതറി പൊടിയുന്ന കാഴ്ച കാണാം. അത്രയ്ക്കു ഉയരത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

പാപ്പാനി തോടിന്റെ ഹൃദയഭാഗത്തുളള പാപ്പാനി വെള്ളച്ചാട്ടമാണ് അടുത്തത്. മുമ്പ് കാടുപിടിച്ചും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ പ്രദേശത്ത് ഇടുക്കി പാക്കേജില്‍പെടുത്തി പാലം നിർമ്മിച്ചതോടെയാണ് പാപ്പാനി വെള്ളച്ചാട്ടം ശ്രദ്ധപിടിച്ചു പറ്റുന്നത്. വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് ഇത് പ്രിയപ്പെട്ട ഇടമാണ്. വടക്കേമല നിവാസികള്‍ക്ക് പാപ്പാനിതോട് കടക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ച കമ്പി പാലം വെള്ളച്ചാട്ടത്തോട് ചേര്‍ന്നാണ്. ഈ കമ്പി പാലത്തില്‍ കയറി നിന്നാൽ വെള്ളച്ചാട്ടത്തിൽനിന്ന് പ്രസരിക്കുന്ന ജലകണികകളും കുളിരും അസാധാരണമായ അനുഭൂതി പകരും.

കൊക്കയാര്‍ സ്വദേശി നാരായണൻ പറയുന്നു.

സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും അവർക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ല. ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉറുമ്പിക്കര മലയുടെ മുകളിലെത്താം. അവിടെ നിന്ന് അരമണിക്കൂര്‍ മതി വാഗമണ്‍,ഏലപ്പാറ,കുട്ടിക്കാനം എന്നിവിടങ്ങളിലെത്താന്‍ .
ഇവയെല്ലാം ഉൾപ്പെടുത്തി ഒരു ടൂറിസം സർക്യൂട്ട് എന്നത് നാട്ടുകാരുടെ സ്വപ്നമാണ്. എന്നാൽ അധികൃതർ ആ വഴിക്കൊന്നും ചിന്തിക്കുന്നില്ലെന്നാണ് സങ്കടകരം.

Advertisement
Advertisement