നാട്ടിൻപുറങ്ങളിൽ കപ്പയ്ക്ക് പ്രിയമേറുമ്പോഴും തൊട്ടാൽ കൈ പൊള്ളും വില

Monday 13 June 2022 1:07 AM IST

വെഞ്ഞാറമൂട്: പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വിലകൂടിയകാലത്തും കൊവിഡിൽ അവശ്യസാധനങ്ങൾ കിട്ടാതിരുന്ന കാലത്തും മലയാളികളുടെ തീൻമേശയിലെ പ്രധാന താരമായിരുന്ന മരച്ചീനിക്ക് ഇപ്പോൾ പൊന്നും വിലയാണ്. നാട്ടിൻപുറത്തുകാർക്ക് ഊണിനൊപ്പം കപ്പയോ ചക്കയോ നിർബന്ധമെന്നിരിക്കെ കപ്പയ്ക്ക് മൂന്നിരട്ടിയോളം വില കുത്തനെ കയറി. ചക്ക സീസൺ ഏതാണ്ട് കഴിഞ്ഞതിനാൽ അത് ലഭ്യതയും കുറഞ്ഞു. ഒരുമാസം മുമ്പ് കിലോയ്ക്ക് 15രൂപയായിരുന്ന കപ്പയ്ക്കിപ്പോൾ 45 രൂപയാണ് വില. കപ്പയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവർദ്ധനയ്ക്ക് കാരണമായി പറയുന്നത്. വിപണിയിൽ നല്ല വിലയുണ്ടെങ്കിലും മരച്ചീനി കർഷകർക്ക് ഇതിന്റെ പ്രയോജനം ഒട്ടുംതന്നെ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. ജില്ലയിൽ പ്രധാനമായും ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകളിലാണ് കൂടുതലായും മരിച്ചീനി കൃഷി. ഡിസംബർ മുതൽ ഇടയ്ക്കിടെ പെയ്ത തോരാമഴ പ്രതികൂലമായി ബാധിച്ചതിനാൽ ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയില്ല. ഉത്പാദന ചെലവിന് അനുസരിച്ച് ലാഭം ലഭിക്കാത്ത സ്ഥിതിയാണ് കർഷകനുള്ളത്.

വില ഇനിയും ഉയരും

മൊത്തവ്യാപാരികൾ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന കപ്പ ചെറുകിടക്കാർക്ക് 35രൂപയ്ക്കാണ് നൽകുന്നത്. വില വർദ്ധന കപ്പ ഉപ്പേരി വ്യാപാരമേഖലയെയും പ്രതിസന്ധിയിലാക്കി. വൻകിട ഉപ്പേരി വ്യാപാരികൾ പച്ചക്കപ്പയ്ക്കായി തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇനിയും വിലകൂടാനാണ് സാദ്ധ്യത. ഓണംവരെ കപ്പയുടെ വില ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു.

കർഷകന് പഴയപടി

കപ്പയ്ക്ക് നാട്ടിൻപുറത്ത് തീവിലയാണെങ്കിലും കർഷകന് നേട്ടമില്ല. കഴിഞ്ഞ വർഷം 8 മുതൽ 12രൂപ വരെയാണ് ഒരുകിലോ കപ്പയ്ക്ക് കർഷകന് ലഭിച്ചത്. അന്ന് പൊതുമാർക്കറ്റിൽ 25 രൂപയായിരുന്നു വില. ഇപ്പോൾ 45രൂപയിൽ എത്തിയപ്പോൾ കർഷകന് ലഭിക്കുന്നത് 15രൂപയാണ്. മൊത്തവ്യാപാരികൾ തോട്ടത്തിലെ മൂന്നോ നാലോ മൂട് കപ്പ പറിച്ചെടുത്ത് ശരാശരി കിലോ അനുസരിച്ച് ഒരു മൂടിനായി വില നിശ്ചയിക്കും. മൂട് എണ്ണിയാണ് കർഷകന് വില നൽകുന്നത്. ഒരു മൂട്ടിൽ നിന്ന് ശരാശരി ആറു മുതൽ പത്തുകിലോ വരെ കപ്പ ലഭിക്കും.

വില ഉയർന്ന് കപ്പ വറുത്തതും :

കഴിഞ്ഞ ആഴ്ച കിലോ 200രൂപയ്ക്ക് ലഭിച്ചിരുന്ന കപ്പ വറുത്തത് വില ഇന്നലെ 240 രൂപയിലെത്തി. ഇനിയും വില വർദ്ധിക്കാനാണ് സാദ്ധ്യത. സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതിനാൽ തമിഴ്നാട്ടിലെ മീനാക്ഷിപുരത്തുനിന്നാണ് ഇപ്പോൾ കപ്പ വാങ്ങുന്നത്. തമിഴ്നാടൻ കപ്പയ്ക്ക് ഗുണനിലവാരം കുറവാണ്. തമിഴ്നാട്ടിലും വിളവെടുപ്പ് സീസൺ അവസാനിക്കുന്നത് വില വർദ്ധിക്കാൻ ഇടയാകും. ഇന്ധന വിലവർദ്ധനയും കയറ്റിറക്കു കൂലിയും എണ്ണവിലയും പാചകവാതക വിലവർദ്ധനയും കണക്കിലെടുക്കുമ്പോൾ വിലവർദ്ധിപ്പിക്കാതെ വിപണിയിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു.

Advertisement
Advertisement