പ്രവാചക പരാമർശം: പ്രയാഗ്‌രാജ് സംഘർഷത്തിലെ മുഖ്യപ്രതിയുടെ വീട് തകർത്തു

Monday 13 June 2022 12:26 AM IST

 300ഓളം പേർ അറസ്റ്റിൽ

ല‌ക്നൗ: പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ സംഘർഷത്തിനിടെ അറസ്റ്റിലായ രണ്ടുപേരുടെ വീടുകൾ പൊളിച്ചതിന് പിന്നാലെ, സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്റെ വീട് ഇന്നലെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കി.

പ്രയാഗ്‌രാജിലെ ജെ.കെ ആഷിയാന കോളനിയിലെ ജാവേദിന്റെ വീട് നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്ന് പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിട്ടി വ്യക്തമാക്കി. മുൻകൂട്ടി നോട്ടീസ് നൽകിയതിന് ശേഷമായിരുന്നു നടപടി. നോട്ടീസ് ലഭിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് ഗൃഹോപകരണങ്ങളെല്ലാം മാറ്റിയിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ പതിനൊന്നിന് ശേഷമാണ് പൊളിക്കൽ ആരംഭിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകളും പതാകകളും കണ്ടെടുത്തു. നടപടി നിയമവിരുദ്ധമാണെന്ന് കാട്ടി ജാവേദ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

പ്രവാചക പരാമർശത്തിൽ ബി.ജെ.പി നേതാവ് നൂപുർ ശർമയ്‌ക്കെതിരായ നഗരത്തിലെ പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് നയിച്ചതിന് പിന്നിൽ ജാവേദ് അഹമ്മദാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജാവേദ് അഹമ്മദ്, ഭാര്യയും മക്കൾ എന്നിവരടക്കം 300 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വാറണ്ടില്ലാതെയാണ് ജാവേദിനെ കസ്റ്റഡിയിലെടുത്തതെന്നും പാതിരാത്രിയാണ് സ്ത്രീകളടക്കമുള്ളവരെ പൊലീസ് കൊണ്ടുപോയതെന്നും ആരോപിച്ച് മകളും ജെ.എൻ.യു യൂണിയൻ കൗൺസിലറുമായ അഫ്രീൻ ഫാത്തിമ ദേശീയ വനിതാകമ്മിഷന് പരാതി നൽകിയിരുന്നു.

ശനിയാഴ്ച മുനിസിപ്പൽ അധികൃതർ പൊലീസ് സഹായത്തോടെ സൊഹാറൻപൂരിലെ രണ്ട് പ്രതികളുടെ വീടുകൾ പൊളിച്ചു നീക്കിയിരുന്നു. കാൺപൂരിലും പ്രതികളുടെ വീടുകൾ പൊളിച്ചു നീക്കിയിരുന്നു.

വെള്ളിയാഴ്ച നടന്ന സംഘർഷത്തിൽ ഉത്തർപ്രദേശ് പൊലീസ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 300ലധികം പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'കർശന' നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.
അക്രമത്തിനു പിന്നിൽ പ്രവർത്തിച്ച കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 2020ൽ പൗരത്വ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവരിൽ ചിലർ ഇപ്പോഴത്തെ പ്രതിഷേധങ്ങളുടെ പിന്നിലുമുണ്ടെന്നും യു.പി പൊലീസ് മേധാവി പറഞ്ഞു.

Advertisement
Advertisement