അമൃതവർഷമായി മഴ: കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഉയർന്നു 

Monday 13 June 2022 12:09 AM IST
കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ

കണ്ണൂർ: വടക്കൻ കേരളത്തിലെ തെയ്യക്കാലത്തിന് പരിസമാപ്തി കുറിച്ച് കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ കളരിയാൽ ഭഗവതിയുടെ തിരുമുടി ഉയർന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ നൂറു കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് മുത്താനിശ്ശേരി സുരേഷ് ബാബു പെരുവണ്ണാൻ ഇരുപത്തിയൊന്നു കോൽ മൂന്നു വിരൽ ഉയരവും അഞ്ചേമുക്കാൽ കോൽ വീതിയുമുളള പെരുംതിരുമുടി ശിരസ്സിലേറ്റിയത്. പെരുംതിരുമുടിക്കൊപ്പം ക്ഷേത്രപാലകന്റെയും അഞ്ചു സ്വരൂപ ദേവതകളുടെയും തിരുമുടിയും ഉയർന്നു.

ചിറക്കൽ പെരുംകൊല്ലൻ സ്ഥാനികൻ കക്കറയിൽ കൃഷ്ണന്റെ നേതൃത്വത്തിൽ കലശ പെരുംകളിയാട്ടത്തിനുള്ള തിരുവായുധം കളരിവാതുക്കൽ
ആചാര നിർവാഹകനായ കണ്ണൻ വീട്ടിൽ രാമചന്ദ്രൻ മുൻപാകെ ക്ഷേത്രനടയിൽ സമർപ്പിച്ചു. തുടർന്ന്‌ പെരുങ്കകളിയാട്ടത്തിലെ മുഖ്യദേവതയായ കളരിയാൽ ഭഗവതിയുടെ തിരുവായുധം ശ്രീ കോവിലിലേക്ക് എഴുന്നള്ളിച്ചു പൂജ നടത്തി. നട തുറന്നപ്പോഴേക്കും ക്ഷേത്ര നടയിൽ കളരിയാൽ ഭഗവതിയമ്മയുടെ തിരുമുടി നിവർന്നിരുന്നു. തുടർന്ന് മേൽശാന്തിയുടെ നേതൃത്വത്തിൽ തിരുവായുധം ഭഗവതി തെയ്യത്തിനു കൈമാറി. തുടർന്നു ഭഗവതിയമ്മ മൂന്നു പ്രദക്ഷിണം വച്ചതോടെ അമൃതവർഷമായി മഴ പെയ്തിറങ്ങി.
കളരിവാതുക്കൽ ശാക്തേയ തന്ത്രി അധികാരി കേശവൻ മൂത്ത പിടാരർ, മേൽശാന്തി വാസുദേവ പിടാരർ എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജാകർമ്മങ്ങൾ നടന്നത്.

കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ഉയർന്നപ്പോൾ

Advertisement
Advertisement