നക്സൽ കേന്ദ്രങ്ങളിൽ ഒളിച്ച കഞ്ചാവ് പ്രതിയെ അതിസാഹസികമായി പിടികൂടാൻ കേരള പൊലീസിനായത് ഒരൊറ്റ തന്ത്രം പ്രയോഗിച്ചതിനാൽ

Monday 13 June 2022 9:41 AM IST

അങ്കമാലി: കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത് അതിസാഹസികമായി. കറുകുറ്റിയിൽ 225 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ആന്ധ്രാ സ്വദേശി ബോഞ്ചി ബാബുവിനെ പിടികൂടിയത്. നക്സൽ ശക്തികേന്ദ്രളിലുള്ള കഞ്ചാവ് ഉത്പാദനമേഖലയിൽനിന്ന് ആന്ധ്രാപൊലീസിന്റെ സഹായത്തോടെയാണ് നാർക്കോട്ടിക് സെൽ പ്രതിയെ പിടികൂടിയത്.

ലഹരിമരുന്ന് കേസന്വേഷണങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ കേസന്വേഷണങ്ങളിലും മുൻപരിചയമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേകസംഘങ്ങൾ രൂപീകരിച്ചിരുന്നു. ഈ സംഘമാണ് ബോഞ്ചി ബാബുവിനെ കണ്ടെത്തി പിടികൂടിയത്. ലഹരിമരുന്ന് കേന്ദ്രങ്ങൾ നക്സൽ ശക്തികേന്ദ്രങ്ങളിൽ ആയതിനാൽ ആന്ധ്രാ പൊലീസിന് നേരിട്ട് ഇടപെടാൻ സാധിക്കുമായിരുന്നില്ല.

ഹോർട്ടികൾച്ചർ ഓഫീസുവഴി അവിടുത്തെ ഗിരിവർഗക്കാരുടെ കൃഷി ഉത്പന്നങ്ങൾ മറ്റുസ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ബന്ധം ഉപയോഗിച്ചാണ് ബോഞ്ചി ബാബു കേരളത്തിലേക്ക് കഞ്ചാവ് കയറ്റി അയച്ചിരുന്നത്.കഞ്ചാവ് കൃഷി ചെയ്തതിന് ഇയാളുടെ പിതാവിനെ കഴിഞ്ഞമാസം ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാർക്കോട്ടിക് സെൽ ഡിവൈഎസ്.പി പി.പി.ഷംസ്, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ നേതൃത്വം നൽകിയ അന്വേഷണത്തിൽ എസ്.ഐ ടി.എം.സൂഫി, ഉദ്യോഗസ്ഥരായ ആന്റോ, റോണി അഗസ്റ്റിൻ, ജിമ്മി ജോർജ്, ശ്യാംകുമാർ, പ്രസാദ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്.

Advertisement
Advertisement