ചെറുന്നിയൂരിൽ ചെള്ള് പനി, പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു

Tuesday 14 June 2022 1:39 AM IST

വർക്കല: ചെറുന്നിയൂരിലെ ചെള്ള് പനി പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നതായി ആക്ഷേപം. ഇക്കഴിഞ്ഞ 8ന് വർക്കലയ്ക്ക് സമീപം ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ അയന്തി പറങ്കിമാംവിള വീട്ടിൽ അശ്വതി (15) ചെള്ള് പനി ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചെറുന്നിയൂരിൽ പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ പൊതുജനങ്ങളും ആശങ്കയിലാണ്.

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ആരുംതന്നെ അശ്വതിയുടെ വീട്ടിൽ ഇതുവരെയും എത്തിയിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അശ്വതിയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. പേരിനുവേണ്ടി കീഴ് ഉദ്യോഗസ്ഥരെ അശ്വതിയുടെ വീട്ടിലേക്ക് അയച്ച് വിവരങ്ങൾ തിരക്കിയെന്നും ആരോപണമുണ്ട്. ചെള്ളുപനിയെ സംബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ വിപുലമായ ഒരു ബോധവത്കരണ സെമിനാർ പോലും നടത്താൻ ജില്ലാ ആരോഗ്യവകുപ്പിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.

ആകെ നടന്നത്

അശ്വതിയുടെ വീട് സ്ഥിതിചെയ്യുന്ന ഒന്നാം വാർഡിലും ചേർന്ന് കിടക്കുന്ന ഏഴാം വാർഡിലുമാണ് പഞ്ചായത്തു തല ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കാര്യമായ ഒരു പ്രവർത്തനവും നടന്നിട്ടില്ല. ചെറുന്നിയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ 400 ലധികം കുടുംബങ്ങളും ഏഴാം വാർഡിൽ 450 ലധികം കുടുംബങ്ങളുമാണുള്ളത്.

അധികൃതർ പറയുന്നത്

ചെറുന്നിയൂർ ആരോഗ്യ വിഭാഗത്തിന്റെ ആറ് പേർ അടങ്ങുന്ന രണ്ട് സംഘങ്ങൾ 2 വാർഡുകളിലുമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. 100 ഓളം വീടുകൾ കയറി ഇറങ്ങി ലഘുലേഖകൾ ഉൾപ്പെടെ വിതരണം ചെയ്തെന്നും അധികൃതർ പറയുന്നു. ബോധവത്കരണ ക്ലാസുകൾ നടത്തിയെങ്കിലും, രണ്ട് വാർഡുകളിൽ നിന്നുമായി എത്തിയത് ആരോഗ്യ വിഭാഗം പ്രവർത്തകരും ജനപ്രതിനിധികളും അടക്കം വെറും 31 പേർ മാത്രമാണ്.

പരിശോധന നടത്തി

അശ്വതിയുടെ കുടുംബാംഗങ്ങളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചതിൽ ഫലം എന്താണെന്നുള്ള വിവരം സ്ഥിരീകരിക്കാൻ പോലും ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ല. ആറുപേരുടെ രക്ത സാമ്പിളുകൾ ഈ മാസം 9നാണ് മെഡിക്കൽ സംഘം ശേഖരിച്ചത്. കൂടാതെ വീട്ടിലെ വളർത്തു മൃഗങ്ങളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിരുന്നു. വീട്ടിലെ 5 നായ്ക്കളിൽ ഒരു നായ്ക്കുട്ടിയുടെയും 12 ആടുകളിൽ ഒരു ആടിന്റെയും, ഒരു പൂച്ചയുടെയും സാമ്പിൾ മാത്രമാണ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. നായ്ക്കുട്ടിയിൽ ചെള്ള് പനി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഐ.ജി.എം.ഒ - ഐ.ജി.ജി എന്നീ ടെസ്റ്റുകളുടെ പരിശോധനാഫലം വന്നതിന് ശേഷമേ ചെള്ള് പനിക്ക് കാരണമാകുന്ന വൈറസ് സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയൂവെന്നാണ് ലഭിക്കുന്ന വിശദീകരണം.

Advertisement
Advertisement