ഇരുമ്പഴിക്കുള്ളിൽ നിന്ന് പുറംലോകത്തേക്ക്

Tuesday 14 June 2022 2:42 AM IST

ആറ്റിങ്ങൽ: മണിച്ചന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും പ്രാർത്ഥനകളും വഴിപാടുകളും സഫലമായി. രണ്ട് പതിറ്റാണ്ടുകാലത്തെ ജയിൽ വാസത്തിന് ശേഷം മണിച്ചനെന്നചന്ദ്രൻ ജയിൽ മോചിതനാവുന്നു.

2000 ഒക്ടോബർ 21 ന് നടന്ന കല്ലുവാതുക്കൽ മദ്യദുരന്തമാണ് മണിച്ചനെ അഴിക്കുള്ളിലാക്കിയത്. ഭരണാധികാരികളെപ്പോലും പിടിച്ചുലച്ച വാർത്തകൾക്കും കേസിനും കൂട്ടത്തിനുമൊടുവിലാണ് മണിച്ചനുൾപ്പെടെയുള്ളവർ ശിക്ഷാപ്രതികളായി ജയിലിലായത്.

അബ്കാരിയെന്ന നിലയിൽ മണിച്ചന്റെ ബിസിനസ് സാമ്രാജ്യം മറ്റ് ജില്ലകളിലേക്ക് വളർന്നപ്പോൾ ആസൂത്രിതമായി ചിലരൊരുക്കിയ ചതിക്കുഴിയാണ് മണിച്ചൻ കേസിൽ പ്രതിയാകാൻ കാരണമായതെന്നാണ് മണിച്ചനോട് അടുപ്പമുള്ളവരുടെ ഭാഷ്യം.

ജയിലിൽ ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത ആളെന്ന പേര് ലഭിച്ചതോടെ പൂജപ്പുരയിൽ നിന്നും നെട്ടുകാൽത്തേരി തുറന്ന ജയിലിലേയ്ക്ക് മാറ്റി.ഇതിനിടെ 30ൽ അധികം തവണ മണിച്ചൻ പരോളിൽ നാട്ടിലെത്തി. അപ്പോഴെല്ലാം കൂടുതൽ സമയവും വീട്ടിനുള്ളിൽ കഴിയാനാണ് ശ്രമിച്ചിരുന്നത്. ധാരാളം പേർ മണിച്ചന് വലിയ തുകകൾ കൊടുക്കാനുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പലരും ഒഴിവ് കഴിവുകൾ പറയുകയായിരുന്നു. പണം തിരിച്ചു നൽകണമെന്ന് കർശനമായി ആവശ്യപ്പെടാനും കഴിയാത്ത അവസ്ഥയായിരുന്നു.പണത്തിന് നിർബന്ധിച്ചാൽ അവരുടെ പരാതിയും തനിക്ക് പാരയാകുമെന്ന് ഭയന്നു. ഭാര്യ ഉഷയാണ് മണിച്ചന്റെ മോചനത്തിനായി ഓടി നടന്നത്.

സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രഖ്യാപനം വന്നതാണ് മണിച്ചന് മോചനത്തിന് വഴി തുറന്നത്. അതിന്റെ പ്രത്യാശയിലുള്ള പ്രവർത്തനമാണ് വിവാദങ്ങൾക്കും ടെൻഷനുകൾക്കും ഒടുവിൽ ഫലം കണ്ടത്.

കല്ലുവാതുക്കൽ മദ്യ ദുരന്തം

2000 ഒക്ടോബർ 21

31 പേർ മരിക്കുകയും 6പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്ത വലിയ ദുരന്തമാണ് അന്ന് കേരളം കണ്ടത്. 150 പേരാണ് ചികിത്സയിലായത്.

പ്രതികൾ

മണിച്ചൻ,​ കൂട്ടു കച്ചവടക്കാരി ഹയറുനിസ,​ മണിച്ചന്റെ ഭാര്യ ഉഷ,​ മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി,​ വിനോദ് എന്നിവരും ജയിലിലായി. ഇതിൽ ഹയറുനിസ 2009 ൽ മരണമടഞ്ഞു. സഹോദരങ്ങളെ പിന്നീട് വിട്ടയച്ചു.

പാവം കുറ്റവാളി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചൻ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് കൂടുതൽ ശ്രദ്ധ നേടിയത്. ജയിലിലെ മികച്ച കർഷകൻ,​ പാചക മേൽനോട്ടക്കാരൻ എന്നിനിലകളിൽ ശ്രദ്ധേയനായി.

Advertisement
Advertisement