കഞ്ചാവ് ലഹരിയിൽ കടയുടമയെ വെട്ടിയ സംഭവം: കള്ളിക്കാട്ട് ഹർത്താൽ പൂർണം

Wednesday 15 June 2022 1:33 AM IST

കാട്ടാക്കട: കള്ളിക്കാട്ട് ഫ്രൂട്ട് കടയുടമയെ കഞ്ചാവ് ലഹരിയിൽ യുവാക്കൾ വടിവാൾ കൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളിക്കാട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹർത്താലും പ്രതിഷേധ പ്രകടനവും നടത്തി.

കള്ളിക്കാട് നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നെയ്യാർ ഡാമിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.മാർച്ചിന് യൂണിറ്റ് പ്രസിഡന്റ് വാമദേവൻ നായർ,സെക്രട്ടറി കള്ളിക്കാട് ഭുവനേന്ദ്രൻ,രക്ഷാധികാരി ചാമവിളയിൽ സോമൻ,ആടുവള്ളി കലാധരൻ,തമ്പിക്കുട്ടൻ,ശിവരാജൻ,സഞ്ചയ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

കഞ്ചാവ് കേസിലെ പ്രതികളായ രണ്ട് പേർ തിങ്കളാഴ്ച രാത്രി 9.20തോടെയാണ് ബൈക്കിൽ ഫ്രൂട്‌സ് കടയിൽ സാധനം വാങ്ങാനെത്തിയത്. ഓറഞ്ചും ആപ്പിളും എടുത്തശേഷം കടയുടമയുമായി വിലയെ സംബന്ധിച്ച് തർക്കമായി. തുടർന്ന് കടയുടമ വീരണകാവ് കല്ലാമം പുലിപ്പാറ തടത്തരികത്ത് വീട്ടിൽ രാജനെ (42) വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും മറ്റ് വ്യാപാരികളും ചേർന്ന് കോട്ടൂർ വ്ലാവെട്ടി നെല്ലിക്കുന്ന് കോളനി രേഷ്മാഭവനിൽ രാജീവിനെ (25) പിടികൂടി നെയ്യാർഡാം പൊലീസിന് കൈമാറി. മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.

2021ൽ കോട്ടൂർ നെല്ലിക്കുന്ന് കോളനിയിൽ കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാൻ എത്തിയ നെയ്യാർഡാം പൊലീസിനെ ആക്രമിച്ച പ്രതികളാണ് ഇവർ. ഓടിപ്പോയ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. രാജീവിനെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement