പാർട്ടി ഓഫീസുകൾ ആക്രമിക്കരുത് : എൽ.ഡി.എഫ് യോഗത്തിൽ കാനം

Wednesday 15 June 2022 12:29 AM IST

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ അപലപിച്ച് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾക്കിടെ ചില പാർട്ടി ഓഫീസുകൾ ആക്രമിച്ചത് ഒഴിവാക്കണമായിരുന്നെന്ന് ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

മറ്റ് പാർട്ടികളുടെ ഓഫീസുകൾ ആക്രമിക്കുന്നത് ശരിയല്ലെന്നും സർക്കാരിനെതിരെ മോശം പ്രതീതി സൃഷ്ടിക്കുമെന്നും നേരത്തേ സി.പി.എമ്മും സി.പി.ഐയും വിലയിരുത്തിയതാണെന്ന് കാനം ചൂണ്ടിക്കാട്ടി.

അക്രമങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയും ഇ.പി. ജയരാജനും പറഞ്ഞു.

വിമാനത്തിലെ സംഭവങ്ങൾ ഇ.പി. ജയരാജൻ വിശദീകരിച്ചു. കണ്ണൂരിൽ നിന്ന് മൂന്ന് യുവാക്കൾ വിമാനത്തിൽ കയറിയപ്പോൾ മുതൽ അവരുടെ ചലനങ്ങൾ സംശയകരമായിരുന്നു. ഇടയ്ക്കിടെ അവർ ടോയ്‌ലറ്റിൽ പോയതു തന്നെ കള്ളലക്ഷണമായി. പോയ ഉടനെ തിരിച്ചുവരുന്നു. അപ്പോഴേ സംശയമുണ്ടായതാണ്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തയുടൻ ഇവർ ചാടിയെഴുന്നേറ്റു. മുഖ്യമന്ത്രി ഇരുപതാം നമ്പർ സീറ്റിലായിരുന്നു. അതിന് തൊട്ടുമുന്നിലായിരുന്നു താൻ. യുവാക്കൾ ഏറ്റവും മുന്നിലായിരുന്നു. അവർ മുഖ്യമന്ത്രിക്ക് നേരെ ചാടിയടുത്തപ്പോൾ താൻ തടുത്തു. ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെയെന്നും ജയരാജൻ വിശദീകരിച്ചു. മുഖ്യമന്ത്രിയും അത് ശരിവച്ചു. ജയരാജൻ തടുത്തില്ലായിരുന്നെങ്കിൽ അവർ ചാടി വീണേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉന്നമിട്ട് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കരുനീക്കത്തിന്റെ ഭാഗമാണ് ഒരു പ്രതിയെക്കൊണ്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അപകീർത്തികരമായ ആക്ഷേപങ്ങൾ പറയിപ്പിക്കുന്നതെന്ന് ജയരാജൻ വിശദീകരിച്ചു. ഈ നീക്കം തുറന്നുകാട്ടാനുള്ള പ്രചരണപരിപാടികൾ വേണമെന്ന് ഘടകകക്ഷിനേതാക്കളും പറഞ്ഞു.

Advertisement
Advertisement