ആർ.ഡി.ഒ കോടതിയിലെ തൊണ്ടി മുതലുകൾ ട്രഷറിയിലേക്ക് മാറ്റിയേക്കും

Wednesday 15 June 2022 2:35 AM IST

 വിട്ടുകൊടുത്ത തൊണ്ടികളെ ചുറ്റിപ്പറ്റി പൊലീസന്വേഷണം

തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിൽ നിന്ന് തൊണ്ടി മുതലുകൾ കാണാതായ സംഭവത്തിൽ വിരമിച്ച സീനിയർ സൂപ്രണ്ടിൽ അന്വേഷണം എത്തിനിൽക്കെ ബാക്കിയുള്ള തൊണ്ടിമുതലുകൾ ട്രഷറിയിലേക്ക് മാറ്റാൻ ആലോചന. ഇവയ്‌ക്ക് സംരക്ഷണം നൽകാൻ സ്ഥിരം സംവിധാനമില്ലാത്തതും ഭാവിയിൽ തിരിമറി ഒഴിവാക്കുന്നതിനുമായാണ് സായുധ പൊലീസിന്റെ കാവലുള്ള ട്രഷറിയിലെ ലോക്കറുകളിലേക്ക് തൊണ്ടിമുതലുകൾ മാറ്റാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. തൊണ്ടി മുതലുകൾ സൂക്ഷിക്കുന്നതിനാൽ ജില്ലാ കളക്ടറുടെ നി‌ർദേശാനുസരണം നിലവിൽ രാത്രികാലങ്ങളിൽ ആർ.ഡി.ഒ ഓഫീസിന് പൊലീസ് സുരക്ഷയുണ്ട്.

റവന്യൂ മേലധികാരികളുടെ അനുമതി ലഭിക്കുന്നതോടെ ഇവ ട്രഷറിയിൽ സൂക്ഷിക്കുമെന്നാണ് വിവരം. നിലവിൽ പൊലീസ് സുരക്ഷയ്ക്ക് പുറമേ സി.സി ടിവി നിരീക്ഷണവും ആർ.ഡി.ഒ കോടതി തൊണ്ടി മുറിയിൽ സജ്ജമാക്കിയിട്ടുണ്ട്. 1982 മുതലുള്ള തൊണ്ടി മുതലുകളാണ് തിരുവനന്തപുരം ആർ.ഡി.ഒയുടെ കസ്റ്റഡിയിലുള്ളത്. അവകാശികൾക്ക് നൽകാനുള്ള തൊണ്ടികളിൽ 2007 വരെയുള്ളവ നിലവിൽ ട്രഷറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന 2007 മുതൽ 2022വരെയുള്ള തൊണ്ടി മുതലുകളിൽ നിന്നാണ് 100 പവനിലേറെ സ്വർണവും വെള്ളിയും അരലക്ഷത്തോളം രൂപയും രണ്ട് ഫോണുകളും മോഷണം പോയത്.

അപഹരിക്കപ്പെട്ട തൊണ്ടിമുതലുകളെ സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ കണ്ടെത്തിയ അന്വേഷണ സംഘം കാണാതായ ഏതെങ്കിലും ഒരു സാധനമെങ്കിലും കവർച്ചാമുതലായി കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. കവർച്ചചെയ്‌ത തൊണ്ടി വീണ്ടെടുക്കാൻ സാധിച്ചാൽ കേസിലെ സുപ്രധാന തെളിവായി അതിനെ പരിഗണിക്കാനും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാനും പൊലീസിന് എളുപ്പമാണ്. ആ വഴിക്കാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

വിട്ടുകൊടുത്ത തൊണ്ടികളെ സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. നടപടിക്രമം പാലിക്കാതെയാണ് പലതും വിട്ടുകൊടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയതോടെ ഇത്തരത്തിലും വെട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഏതാനും ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം.