ഡോ.ജേക്കബ് ബലിയാടെന്ന് ഡോക്ടർമാർ

Tuesday 14 June 2022 10:58 PM IST

  • രോഗിയെ പ്രവേശിപ്പിച്ചയാൾക്കും മൃതദേഹം വിട്ടുകൊടുത്തയാൾക്കുമെതിരെ നടപടിയില്ല

തൃശൂർ : മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ രോഗിയെ പ്രവേശിപ്പിച്ചയാൾക്കെതിരെയും, മൃതദേഹം വിട്ടു നൽകിയ ആൾക്കെതിരെയും നടപടിയെടുക്കാതെ അസ്ഥിരോഗ വിഭാഗം ചീഫിനെ മാത്രം സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ ഡോക്ടർമാർക്കിടയിൽ അമർഷം.


ബൈക്കപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ മരിച്ച കുമരനെല്ലൂർ ഒന്നാംകല്ല് പട്ടിശേരി യൂസഫിന്റെ (46) മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അസ്ഥിരോഗ വിഭാഗം യൂണിറ്റ് 3 ചീഫ് ഡോ.പി.ജെ.ജേക്കബിനെതിരെയാണ് നടപടിയെടുത്തത്. യാതൊരു ചികിത്സാ പിഴവില്ലാതെ രോഗിയെ പ്രവേശിപ്പിച്ചത് മുതൽ രണ്ട് നേരവും അടുത്തെത്തി, ഗുരുതരാവസ്ഥ ബന്ധുക്കളെ യഥാസമയം ബോദ്ധ്യപ്പെടുത്തിയാളാണ് ജേക്കബ്.

കഴിഞ്ഞ നാൽപത് വർഷത്തോളമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടർക്കെതിരെ യാതൊരു ശിക്ഷാ നടപടികളും ഇതുവരെയുണ്ടായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടത്താതെ വിട്ടുകൊടുത്ത സംഭവം അറിഞ്ഞ ഉടനെ ഡോ.ജേക്കബ്ബ് സ്ഥലത്തെത്തുകയും ആവശ്യമായി നടപടി സ്വീകരിക്കുകയുമായിരുന്നു. അതേസമയം യൂസഫിനെ പരിശോധിച്ച് കുറിപ്പ് എഴുതിയത് ഓർത്തോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ: ആദർശാണ്. ബൈക്കിൽ നിന്ന് തെന്നിവീണവരുടെ കേസ് പൊലീസിനെ അറിയിക്കേണ്ടതില്ല എന്ന ഡോക്ടർ ആദർശിന്റെ വിചിത്ര നിഗമനവും ഡോക്ടർ ജേക്കബിന്റെ മൊഴിയിലുണ്ട്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ നൽകിയിരുന്നത്. രോഗിയുടെ ചികിത്സാ റെക്കാഡുകളിൽ ഉടനീളം റോഡപകടം എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും അന്നേ ദിവസം രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ അലി ഷാബിത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയായിരുന്നു. പോസ്റ്റുമോർട്ടം പരിശോധന ആവശ്യമില്ല എന്ന നിഗമനത്തിൽ അലി ഷാബിത് മൃതദേഹം വിട്ടു നൽകിയെന്നാണ് ഡോക്ടർ ജേക്കബ് നൽകിയ പ്രാഥമിക റിപ്പോർട്ടിലും പരാമർശിക്കുന്നത്. പ്രിൻസിപ്പൽ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഡോ.ജേക്കബ്ബിനെതിരെ നടപടിയെടുക്കണമെന്ന് പരാമർശിച്ചിട്ടില്ല. കൃത്യവിലോപം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത്. എന്നാൽ ജേക്കബിനെതിരെ മാത്രമാണ് റിപ്പോർട്ട് പ്രകാരം നടപടിയെടുത്തത്.

ഒ.പി ബഹിഷ്കരിക്കുമെന്ന് അസോസിയേഷൻ

തൃശൂർ : മൃതദേഹം പോസ്റ്റുമോർട്ടം പരിശോധന നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ ഡോ.പി.ജെ ജേക്കബിനെതിരെ എടുത്തിട്ടുള്ള സസ്‌പെൻഷൻ നടപടി അപലപനീയമാണെന്ന് ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ തൃശൂർ യൂണിറ്റ് പ്രസിഡന്റ് ഡോ. അഞ്ചു മരിയം ജേക്കബ്, സെക്രട്ടറി ഡോ.മനു ജോൺസ് ചൊവ്വല്ലൂർ എന്നിവർ ആരോപിച്ചു. ഓർത്തോ വിഭാഗം യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതല കൃത്യമായി നിർവഹിച്ച ഡോ. ജേക്കബിനെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് 10 മുതൽ 11 വരെ ഒ. പി ബഹിഷ്‌കരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Advertisement
Advertisement