മലബാർ ക്ഷേത്രജീവനക്കാരുടെ ശമ്പള കുടിശ്ശികയ്ക്ക് വേണം ഒൻപതുകോടി: പരിഷ്‌ക്കരിച്ചിട്ടും പടിക്ക് പുറത്ത്

Tuesday 14 June 2022 11:12 PM IST

കണ്ണൂർ: മലബാർ ദേവസ്വം ബോർഡിൽ പന്ത്രണ്ടുവർഷത്തിന് ശേഷം ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചിട്ടും കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് പ്രയോജനം ലഭിച്ചില്ല. ഒൻപതു കോടിയോളം ലഭിച്ചാൽ മാത്രമെ ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ഇവരുടെ ശമ്പളം കൊടുത്തുതീർക്കാൻ സാധിക്കുകയുള്ളു.

ഇവരിൽ പലരുടെയും കുടുംബങ്ങൾ പട്ടിണിയുടെ മുന്നിലാണ്.വരുമാനം കുറഞ്ഞ ബി, സി, ഡി ഗ്രേഡ് ക്ഷേത്ര ജീവനക്കാർക്ക് ഈ വർഷത്തെ ശമ്പളം പൂർണ്ണമായും കുടിശ്ശികയാണ്. 2021ആഗസ്റ്റ് മുതലുള്ള ശമ്പളം പല ക്ഷേത്ര ജീവനക്കാർക്കും ലഭിച്ചിട്ടില്ല. മാസ ശമ്പളമെന്ന ഇവരുടെ അടിസ്ഥാന ആവശ്യത്തോടു ബോർഡും സർക്കാറും മുഖം തിരിക്കുന്നുവെന്നും ആരോപണമുണ്ട്.

2008ൽ മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചതിന്റെ തൊട്ടടുത്ത വർഷം ശമ്പളം പരിഷ്‌ക്കരിച്ചിരുന്നു. എന്നാൽ പിന്നീട് 12 വർഷം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പരിഷ്കരിച്ച് ഉത്തരവിറങ്ങിയത്. എന്നാൽ അപാകതകൾ കണ്ടതോടെ ഈ വർഷം ജനുവരിയിൽ പരിഹരിച്ച് ഉത്തരവിറക്കി.എന്നാൽ ഫിക്‌സേഷൻ നടപടികൾ നീണ്ടു പോകുന്നതു കാരണം ആനുകൂല്യങ്ങൾ വീണ്ടും നിഷേധിക്കപ്പെട്ടു.

ജീവനക്കാരുടെ ധർണ ഇന്ന്
മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ധർണ്ണ കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും

കണ്ണൂർ: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി ) ഇന്ന് മലബാർ ദേവസ്വം ബോർഡ് കണ്ണൂർ ഡിവിഷൻ ഓഫീസായ തലശ്ശേരി അസി.കമ്മീഷണർ ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തും. രാവിലെ 11 ന് കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ് രാജീവൻ എളയാവൂർ അദ്ധ്യക്ഷത വഹിക്കും.


Advertisement
Advertisement