വിമാനത്തിൽ പ്രതിഷേധിച്ചാലും മർദ്ദിച്ചാലും കുറ്റം

Wednesday 15 June 2022 12:16 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരും അവരെ മർദ്ദിച്ചവരും കേന്ദ്ര വ്യോമയാന ചട്ടപ്രകാരം നിയമനടപടികൾ നേരിടേണ്ടി വരും. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ വിജ്ഞാപനപ്രകാരം മോശം പെരുമാറ്റം, ശാരീരികമായ അവഹേളനം, ജീവന് ഭീഷണി എന്നിങ്ങനെ വിമാനത്തിലെ അച്ചടക്കമില്ലാ‌യ്മ മൂന്നായി തിരിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൈലറ്റ് കൺട്രോൾ സ്റ്റേഷനിൽ അറിയിക്കണം. അടിയന്തര സാഹചര്യമാണെങ്കിൽ അടുത്ത വിമാനത്താവളത്തിൽ ലാൻഡ് ചെയ്യണം. സുരക്ഷാ ഏജൻസിയെ അറിയിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യിക്കണം. എന്നാൽ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായതുൾപ്പെടെ എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചില്ല. പ്രതിഷേധക്കാരെ സി.ഐ.എസ്.എഫിന് കൈമാറിയതുമില്ല. യൂത്ത് കോൺഗ്രസുകാരെ പുറത്തെത്തിച്ചപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

1. മോശം പെരുമാറ്റം

അച്ചടക്കമില്ലാത്ത പെരുമാറ്റം, അസഭ്യമായ ആംഗ്യങ്ങൾ, മോശം പദപ്രയോഗങ്ങൾ, മദ്യപിച്ച് ലക്കുകെട്ട പെരുമാറ്റം. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിലൂടെ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻകുമാർ എന്നിവർ നിയമലംഘനം നടത്തിയെന്ന് വിദഗ്ദ്ധർ.

2. ശാരീരികമായ അവഹേളനം

തള്ളിയിടുക, ചവിട്ടുക, അടിക്കുക, കടന്നുപിടിക്കുക, ഉചിതമല്ലാത്ത സ്പർശനം, ലൈംഗിക അതിക്രമം. ഇ.പി ജയരാജൻ ഉൾപ്പെടെ മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസുകാരുടെ പരാതിയിൽ ഇതുപ്രകാരം കേസെടുക്കാം.

3. ജീവന് ഭീഷണി

വിമാനത്തിന് കേടുണ്ടാക്കുക, കഴുത്ത് ഞെരിക്കുക, കണ്ണിൽ കുത്തുക, കൊല്ലാൻ ശ്രമിക്കുക, വിമാന ജീവനക്കാരുടെ കൃത്യ നിർവഹണം തടയുക എന്നിവ. ഗുരുതര നിയമലംഘനങ്ങളാണിവ.

ശിക്ഷ ഇങ്ങനെ

ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) പ്രകാരം വിമാനത്തിൽ സഹയാത്രികരെയോ ജീവനക്കാരെയോ ശാരീരികമായോ വാക്കുകൾ കൊണ്ടോ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഒരുവർഷം കഠിന തടവോ അഞ്ചു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടാം. മോശമായ വാക്കുകളുപയോഗിക്കുകയോ തെറിവിളിക്കുകയോ ചെയ്താൽ കേന്ദ്ര വ്യോമയാന ചട്ടപ്രകാരം മൂന്നു മാസം വിമാനയാത്ര വിലക്കാം. ശാരീരിക ഉപദ്രവമാണെങ്കിൽ വിലക്ക് ആറുമാസം വരെ.

Advertisement
Advertisement