തൊണ്ടിമുതൽ തട്ടിയവരെ വെറുതെ വിടരുത്

Wednesday 15 June 2022 12:00 AM IST

തിരുവനന്തപുരത്തെ ആർ.ഡി.ഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിനു രൂപ മൂല്യമുള്ള സ്വർണാഭരണങ്ങളും പണവും മോഷണം പോയ സംഭവത്തിൽ രണ്ടാഴ്ചയായി തിരുതകൃതിയായി അന്വേഷണം നടക്കുകയാണ്. അറുപതോളം പവൻ നഷ്ടമായെന്നാണ് ആദ്യം വന്ന റിപ്പോർട്ട്. പിന്നീടത് നൂറ്റിയൻപതോളം പവനായി ഉയർന്നു. ആരുമറിയാതെ തൊണ്ടിമുതലുകൾ കൈയ്ക്കലാക്കിയ പ്രധാന വ്യക്തിയെ തിരിച്ചറിഞ്ഞെന്നാണു സൂചന. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ അക്കാര്യം കളക്ടറെ ധരിപ്പിച്ചുകഴിഞ്ഞു. സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ആഭ്യന്തര അന്വേഷണമല്ലാതെ പൊലീസ് വക അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. മുറപ്രകാരമുള്ള പൊലീസ് അന്വേഷണത്തിലേ നഷ്ടപ്പെട്ട തൊണ്ടിമുതൽ എത്ര വരുമെന്നും മറ്റുമുള്ള വിവരങ്ങൾ തിട്ടപ്പെടുത്താനാകൂ.

എന്തുകൊണ്ടാണ് അന്വേഷണം ഇതുവരെ പൊലീസ് ഏറ്റെടുക്കാത്തതെന്നു നിശ്ചയമില്ല. ആർ.ഡി.ഒ ഓഫീസിലെ സ്ട്രോംഗ് റൂമിൽ ഭദ്രമായിരിക്കേണ്ട തൊണ്ടിമുതൽ അവിടെ പ്രവേശിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥർതന്നെ നിർഭയം മോഷ്ടിച്ചുകൊണ്ടുപോകുന്ന അതീവ ഗുരുതരമായ സംഭവം ലാഘവത്തോടെ കാണേണ്ടതല്ല. തൊണ്ടിമുതൽ അടിച്ചുമാറ്റിയവർ രക്ഷപ്പെടാൻ അനുവദിക്കരുത്.

പ്രധാനമായും ആത്മഹത്യയോ അപകടമരണങ്ങളോ ആയി ബന്ധപ്പെട്ടവരുടെ പക്കൽനിന്നു പൊലീസ് ശേഖരിക്കുന്ന സ്വർണവും പണവുമാണ് തൊണ്ടിമുതലായി ആർ.ഡി.ഒ കോടതിയിൽ സൂക്ഷിക്കുന്നത്. അവകാശികൾ തെളിവുകൾ ഹാജരാക്കി പിന്നീടെത്തിയാൽ തിരിച്ചുനൽകും. പക്ഷേ വളരെയധികം കടമ്പകൾ കടന്നുവേണം ഇതൊക്കെ സാധിക്കാൻ. അതിനാൽ തൊണ്ടിമുതൽ വീണ്ടെടുക്കാൻ ബന്ധുക്കൾ അധികമൊന്നും എത്താറില്ല. ഈ സാഹചര്യമാണ് ആസൂത്രിതമായി തൊണ്ടിമുതലുകൾ അപഹരിക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചത്.

കേസുകളിലെ തൊണ്ടിമുതലുകൾ കോടതികളിൽ നിന്നുപോലും അപ്രത്യക്ഷമാകാറുണ്ട്. എക്‌സൈസുകാർ പിടികൂടുന്ന കള്ളച്ചാരായവും മയക്കുമരുന്നുമൊക്കെ കോടതിയിലെത്തുമ്പോൾ പച്ചവെള്ളവും ഗോതമ്പുപൊടിയുമായി മാറിയ അത്ഭുതവിദ്യകൾ കേൾക്കാറുണ്ട്. പ്രതിയെ രക്ഷിക്കാനും കേസ് ദുർബലപ്പെടുത്താനും നടക്കാറുള്ള ഇത്തരം കൗശലങ്ങൾക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ ഒത്താശകളുമുണ്ടാകാം. ആർ.ഡി.ഒ കോടതിയിൽ നടന്ന മോഷണത്തിനു പിന്നിൽ ആർത്തിമൂത്ത ഉദ്യോഗസ്ഥർ തന്നെയാകും. സ്വർണാഭരണങ്ങളിൽ പലതും പണയപ്പെടുത്തി പണം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളിൽ പലതും അവകാശികൾക്ക് കൈമാറിയതായി രേഖയും ചമച്ചിട്ടുണ്ട്. സ്വർണം മാറ്റി മുക്കുപണ്ടം പകരം വച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിലെ ധനാപഹരണം മാത്രമാണ് ഇതുവരെ മേൽമൂടി തുറന്ന് പുറത്തുവന്നത്. സംസ്ഥാനത്തെ മറ്റ് 26 ആർ.ഡി.ഒ കോടതികളിൽ ഇതുപോലുള്ള മോഷണം നടന്നിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്തേണ്ടിയിരിക്കുന്നു. തൊണ്ടിമുതലുകളുടെ സൂക്ഷിപ്പിലും കൈകാര്യകർത്തൃത്വത്തിലും കുറ്റമറ്റ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടി വെളിവാക്കുന്നതാണ് തലസ്ഥാനത്തെ സംഭവം. പൊതുമുതൽ കൈകാര്യം ചെയ്യുന്നിടത്തെല്ലാം കൃത്യമായ രേഖകളും കണക്കുമൊക്കെ അനിവാര്യമാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതൽ സൂക്ഷിച്ചിരിക്കുന്ന കോടതിമുറികളിൽ സി.സി.ടിവികൾ സ്ഥാപിക്കാത്തതെന്ന ചോദ്യവും പ്രസക്തമാണ്. നാടായ നാടു മുഴുവൻ കാമറകൾ സ്ഥാപിക്കാമെങ്കിൽ അവശ്യം അവ ഉണ്ടാകേണ്ട ഇടങ്ങളെ വിട്ടുകളയുന്നത് തട്ടിപ്പിനു സൗകര്യമൊരുക്കുമെന്ന് അറിയേണ്ടവർ അറിയണം. ഏതായാലും ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതലുകൾ സ്വന്തമാക്കിയ വിരുതന്മാരിലാരും രക്ഷപ്പെടാതിരിക്കാൻ പൊലീസ് അന്വേഷണം ഉൗർജ്ജിതപ്പെടുത്തണം.

Advertisement
Advertisement