പാക്കിസ്ഥാനിൽ സിവിൽ ഉദ്യോഗസ്ഥരുടെ നിയമനത്തിലും എെ.എസ്.ഐ ഇടപെടൽ

Wednesday 15 June 2022 4:21 AM IST

ഇസ്ലാമാബാദ് : രാജ്യത്തെ നിർണ്ണായക സിവിൽ സർവീസ് നിയമനങ്ങളിൽ കൈകടത്താൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്‌.ഐയ്ക്ക് ( ഇന്റർ-സർവീസസ് ഇന്റലിജൻസ്) അധികാരം നൽകിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കത്തിൽ അതൃപ്തി പുകയുന്നു.

സർക്കാർ ഉദ്യോഗസ്ഥരുടെ നിയമനം, പോസ്​റ്റിംഗ്, പ്രൊമോഷൻ എന്നിവയ്ക്ക് മുമ്പുള്ള വെരിഫിക്കേഷൻ, സ്‌ക്രീനിംഗ് എന്നിവ ഐ.എസ്‌.ഐ നടത്തും.

കഴിഞ്ഞയാഴ്ചയാണ് ഷെഹ്‌ബാസിന്റെ ഉത്തരവ് പാക് മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. ഷെഹ്ബാസ് അധികാരമേറ്റ് രണ്ട് മാസങ്ങൾക്കകമാണ് തന്ത്രപ്രധാന മേഖലകളിലേക്ക് നിയന്ത്രണം വ്യാപിക്കുന്നത്.

അതേസമയം, തീരുമാനത്തിനെതിരെ ഷെഹ്‌ബാസ് ഭരണകൂടത്തിലെ സഖ്യകക്ഷികളിൽ എതിർ സ്വരങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഷെഹ്ബാസ് സഖ്യകക്ഷികളോട് ആലോചിക്കുകയോ പാർലമെന്റിനെ വിശ്വാസത്തിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാന സഖ്യകക്ഷിയായ പി.പി.പിയിലെ മുതിർന്ന നേതാവ് ഫർഹത്തുള്ള ബാബർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

രാജ്യത്തെ പൊതുജീവിതത്തിന് മേൽ സൈന്യം നിയന്ത്രണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും ആശങ്ക ഉയർത്തുന്നുണ്ട്. മൂന്ന് ദശാബ്ദം രാജ്യം ഭരിച്ച സൈന്യത്തിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയക്കാർക്ക് ഭരണത്തിൽ തുടരാനാകൂ എന്ന് തെളിയിക്കുകയാണ് ഷെഹ്‌ബാസ്.
സിവിലിയൻ ആധിപത്യമെന്ന ആശയത്തെ കളങ്കപ്പെടുത്തുന്നതും ഭരണഘടനയ്ക്ക് നേരെയുള്ള അക്രമപരമായതുമായ നടപടിയാണിതെന്ന് പി.പി.പി നേതാവും മുൻ സെനറ്റ് ചെയർമാനുമായ റാസ റബ്ബാനി പറഞ്ഞു.

Advertisement
Advertisement