രാഷ്‌ട്രപതി​ തി​രഞ്ഞെടുപ്പ് : മമത വിളിച്ച യോഗത്തി​ൽ കോൺഗ്രസ് പങ്കെടുക്കും

Wednesday 15 June 2022 4:22 AM IST

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ന്യൂഡൽഹി​യി​ൽ വിളിച്ചി​ട്ടുള്ള യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കും. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, ജയറാം രമേശ്, രൺ ദീപ് സിംഗ് സുർജേവാല എന്നിവരാണ് പങ്കെടുക്കുന്നത്. എൻ.സി.പി നേതാവ് ശരദ് പവാറിനെ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കമുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശരദ് പവാറുമായി​ കൂടിക്കാഴ്ച നടത്തി.

'മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്യത്തെ നിരവധി വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായും" പവാർ ട്വീറ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് മമത ഡൽഹിയിലെത്തിയത്. തുടർന്ന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. 22 പ്രതിപക്ഷ പാർട്ടികളെയാണ് ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്കില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയെങ്കിലും ഇന്നത്തെ യോഗത്തിൽ അദ്ദേഹവും പങ്കെടുക്കുന്നുണ്ട്. ശരദ് പവാറിന് കോൺഗ്രസ് പിന്തുണയുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ സന്ദേശവുമായി മുതിർന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ കഴിഞ്ഞ ദി​വസം മുംബയിൽ പവാറിനെ കണ്ടിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24 ന് അവസാനിക്കും. ജൂലായ് 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Advertisement
Advertisement