ടിക്കറ്റുണ്ടായിട്ടും യാത്ര മുടങ്ങി എയർ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ

Wednesday 15 June 2022 4:22 AM IST

ന്യൂഡൽഹി: ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിക്കുകയും നഷ്‌ടപരിഹാരം നൽകാതിരിക്കുകയും ചെയ്തതിന് എയർ ഇന്ത്യയ്ക്ക് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) പത്തു ലക്ഷം രൂപ പിഴ വിധിച്ചു.

ബംഗളൂരു, ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിലാണ് യാത്ര നിഷേധിച്ചത്. യാത്ര മുടങ്ങുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് എയർ ഇന്ത്യയ്ക്കു വ്യക്തമായ നയമില്ലെന്നാണ് മനസിലാക്കുന്നതെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടി. ഇത് ഗൗരവമുള്ള കാര്യമാണെന്നും നയരൂപീകരണം നടത്തണമെന്നും ഡി.ജി.സി.എ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, ടിക്കറ്റുണ്ടായിട്ടും യാത്ര ചെയ്യാനാവാത്തവർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ വ്യക്തമായ മാർഗ നിർദേശങ്ങളുണ്ടെന്ന് ഡി.ജി.സി.എ അറിയിച്ചു. ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനായാൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. 24 മണിക്കൂറിനകമാണെങ്കിൽ 10000 രൂപ നഷ്ടപരിഹാരം നൽകണം. 24 മണിക്കൂറിനു ശേഷമെങ്കിൽ നഷ്ടപരിഹാരം 20000 രൂപ വരെയാവും.

Advertisement
Advertisement