അലോപേഷ്യ ഗുളികയ്ക്ക് യു.എസിൽ അംഗീകാരം

Wednesday 15 June 2022 5:20 AM IST

ന്യൂയോർക്ക് : അകാരണമായി തലമുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ രോഗത്തിനുള്ള ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ' ബാരിസിറ്റിനിബ് " എന്ന ഓറൽ ടാബ്‌ലറ്റിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

യു.എസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലിയാണ് ' ഒലുമിയന്റ് " എന്ന ബ്രാൻഡ് നാമത്തിലറിയപ്പെടുന്ന ഗുളികയുടെ നിർമ്മാതാക്കൾ. യു.എസിൽ പ്രതിവർഷം 300,000 പേർക്ക് അലോപേഷ്യ ബാധിക്കുന്നതായാണ് കണക്ക്.

ഇൻഫ്ലമേഷന് കാരണമാകുന്ന കോശ പാതയെ തടസപ്പെടുത്തുന്ന ഈ ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണം 1,200 പേരിൽ നടത്തിയിരുന്നു. ഇതിൽ ഉയർന്ന ഡോസ് സ്വീകരിച്ച 40 ശതമാനം പേരിൽ 80 ശതമാനം തലമുടി 36 ആഴ്ചകൾക്ക് ശേഷം വളർന്നതായി കണ്ടെത്തി. 45 ശതമാനം പേരിൽ കൊഴിഞ്ഞു പോയ കൺപീലി, പുരികം എന്നിവയും വീണ്ടും വളരാൻ തുടങ്ങിയിരുന്നു.

ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ ഭാര്യയും നടിയുമായ ജേഡ മുതൽ യു.എസ് കോൺഗ്രസ് അംഗം അയാന പ്രീസ്‌ലി ഉൾപ്പെടെയുള്ള പ്രമുഖർ അലോപേഷ്യ ബാധിതരാണെന്ന് വെളിപ്പെടുത്തിയിരുന്നു.