അദ്ധ്യാപക റാങ്ക് പട്ടിക കാഴ്ചവസ്തുവാക്കരുത്

Thursday 16 June 2022 12:00 AM IST

സ്‌കൂളുകളിൽ അദ്ധ്യാപക നിയമനങ്ങളും സ്ഥലം മാറ്റവും പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് പൂർത്തിയാക്കണമെന്നത് മുൻകാലങ്ങളിൽ പാലിച്ചുപോന്ന കീഴ്‌വഴക്കമായിരുന്നു. അദ്ധ്യാപകരില്ലാത്ത ക്ളാസ് മുറികൾ കുട്ടികളെ വഴിയാധാരമാക്കുന്നതിനു തുല്യമാണ്. സർക്കാർ സ്‌കൂളുകളിലാണ് പ്രധാനമായും കടുത്ത അദ്ധ്യാപകക്ഷാമം അനുഭവപ്പെടാറുള്ളത്.

പുതിയ അദ്ധ്യയനവർഷം ആരംഭിച്ചിട്ടും അനേകം സർക്കാർ സ്കൂളുകളിൽ വേണ്ടത്ര അദ്ധ്യാപകരെ ലഭിക്കാതെ വിഷമിക്കുകയാണ്. റാങ്ക് പട്ടിക ഉണ്ടായിട്ടും നിയമനം നടക്കുന്നില്ലെന്നാണ് പരാതി. ഉദാഹരണത്തിന് എൽ.പി വിഭാഗത്തിൽ എല്ലാ ജില്ലകളിലുമായി മൂവായിരത്തിലധികം അദ്ധ്യാപക ഒഴിവുകളുള്ളതായാണ് കണക്ക്. പി.എസ്.സിയുടെ പക്കൽ എൽ.പി അദ്ധ്യാപകരുടെ റാങ്ക് പട്ടികയുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ടതാകട്ടെ ആയിരത്തി എണ്ണൂറിൽപ്പരം ഒഴിവുകൾ മാത്രം. ഒഴിവുകൾ കൃത്യമായി അറിയിച്ചാലല്ലേ പി.എസ്.സിക്ക് റാങ്ക് പട്ടികയിലുള്ളവർക്ക് നിയമന ശുപാർശ നൽകാനാവൂ.

കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് കാരണം പഠനം ഓൺലൈൻ വഴിയായിരുന്നതിനാൽ അദ്ധ്യാപക ഒഴിവുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എൽ.പി വിഭാഗത്തിൽ മാത്രമല്ല മുകളിലേക്കുള്ള വിഭാഗത്തിലും ധാരാളം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുകയാണ്. സ്‌കൂളിലെ തലയെണ്ണൽ കഴിഞ്ഞതോടെ അദ്ധ്യാപക ഒഴിവുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിട്ടുണ്ട്. റാങ്ക് പട്ടികയുള്ളതുകൊണ്ട് നിയമന നടപടി സ്വീകരിച്ചാൽ മതി. എൽ.പി ആയാലും ഹൈസ‌്കൂൾ വിഭാഗമായാലും ഒഴിവുകൾ കൃത്യമായി പി.എസ്.സിയെ അറിയിക്കുക എന്നതാണ് പ്രധാനം. പി.എസ്.സിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏറെസമയം വേണ്ടിവരുമെന്നതിനാൽ ഇനിയെങ്കിലും സമയം പാഴാക്കാതിരിക്കാൻ ചുമതലപ്പെട്ടവർ ശുഷ്കാന്തി കാണിക്കണം.

പി.എസ്.സി വഴി നിയമനം നടക്കുന്ന എല്ലാ വകുപ്പുകളിൽ നിന്നും ഉയരുന്ന പ്രധാന പരാതി റാങ്ക് പട്ടിക ഉണ്ടായിട്ടും നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത വകുപ്പു തലവന്മാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൂടക്കൂടെ സർക്കാർ മുന്നറിയിപ്പു നൽകാറുണ്ട്. ഫലമുണ്ടാകുന്നില്ലെന്നു മാത്രം. റാങ്ക് പട്ടികയിൽ നിന്നു നിയമനം നടത്തിക്കിട്ടാൻ ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി സമരം ചെയ്യേണ്ട സ്ഥിതിയാണ്. സർക്കാർ ജോലിക്കായി ലക്ഷക്കണക്കിനു യുവതീ യുവാക്കൾ മത്സര പരീക്ഷകളെഴുതി കാത്തിരിപ്പുണ്ട്.

അദ്ധ്യയനത്തിന്റെ ബാലപാഠങ്ങൾ തുടങ്ങുന്നത് എൽ.പി സ്കൂളുകളിൽ നിന്നാകയാൽ വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാതെ കുട്ടികളെ വഴിയാധാരമാക്കാതിരിക്കാൻ പ്രത്യേകശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. മുതിർന്ന ക്ളാസുകളിലെ അദ്ധ്യാപക ഒഴിവുകൾ നികത്താനും സത്വര നടപടി വേണം. ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണരുത്. ഏറ്റവും ഉത്തരവാദിത്വം പുലർത്തേണ്ട മേഖലയാണ് വിഭ്യാഭ്യാസരംഗം. റാങ്ക് പട്ടിക ഇല്ലാഞ്ഞിട്ടോ യോഗ്യരായവർ വേണ്ടത്ര ഇല്ലാത്തതുകൊണ്ടോ അല്ല ക്ളാസ് മുറികൾ അദ്ധ്യാപകരില്ലാതെ അനാഥമാകുന്നത്. നിയമന നടപടികളിൽ മനഃപൂർവം വരുത്തുന്ന കാലതാമസമാണ് കാരണം. എയ്‌ഡഡ് സ്‌‌കൂളുകളിൽ അദ്ധ്യാപക നിയമനത്തിന് മാനേജർമാർ സത്വര നടപടിയെടുക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകാറില്ല. പുതിയ ഒരു ഒഴിവ് അവരെ സംബന്ധിച്ചിടത്തോളം വൻ വരുമാനമാർഗമാണ്. അധികൃതരെക്കൊണ്ട് നിയമനം അംഗീകരിപ്പിച്ചെടുക്കുക എന്നതാണ് മുഖ്യവിഷയം. ഏതുവിധേനയും അവരത് ഒപ്പിച്ചെടുക്കുകയും ചെയ്യും.

Advertisement
Advertisement