കാട് കയറി ആശുപത്രി ക്വാർട്ടേഴ്സുകൾ

Friday 17 June 2022 1:33 AM IST

പൂച്ചാക്കൽ : അരൂക്കുറ്റി ഗവ.ആശുപത്രിയിലെ ജീവനക്കാർക്കായി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. സാമൂഹ്യവിരുദ്ധരുടയും ഇഴജന്തുക്കളുടെ താവളമാണ് ഇപ്പോൾ ഈ ക്വാർട്ടേഴ്സുകൾ. രോഗികൾക്ക് ഡോക്ടർമാരുടേയും മറ്റു ജീവനക്കാരുടേയും സേവനം സദാ സമയവും ലഭ്യമാക്കാനാണ് ആശുപത്രിയുടെ സമീപത്ത് തന്നെ ക്വാർട്ടേഴ്സുകൾ നിർമ്മിച്ചത്. ഇത് ഉപയോഗയോഗ്യമല്ലാതായതോടെ, ഇപ്പോൾ സ്ഥലം മാറി വരുന്ന ജീവനക്കാർ വലിയ തുക മുടക്കി വാടക വീടുകളിലാണ് താമസം.

രാജഭരണ കാലത്ത് അരൂക്കുറ്റിയായിരുന്നു തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയും കവാടവും. പൊലീസ് സ്റ്റേഷനും ചുങ്കം പിരിവിനുള്ള ഉദ്യോഗസ്ഥരും ഇവിടെയുണ്ടായിരുന്നു. സ്റ്റേഷനോട് ചേർന്ന് കോടതിയും ജയിലും കായലിനോട് സമാന്തരമായി നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. രാജഭരണ കാലത്ത് തിരുവിതാംകൂർ രാജാവ് തുടങ്ങിയ ആശുപത്രിയാണിത്. പക്ഷേ,രാജഭരണത്തിന്റെ ശേഷിപ്പുകളായ കെട്ടിടങ്ങളെല്ലാം തകർന്നനിലയിലാണ് ഇപ്പോൾ.

ആറ് ഏക്കർ സ്ഥലമാണ് ആരോഗ്യ വകുപ്പിന് ഇവിടെയുള്ളത്. പണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ ഓരോന്നായി തകർന്നുകൊണ്ടിരിക്കുകയാണ്. നെട്ടൂർ പെട്ടി മാതൃകയിൽ മുമ്പ് നിർമ്മിച്ച ലേബർ റൂം മേൽക്കൂര നശിച്ച് ആശുപത്രിയോട് ചേർന്ന് നിൽപ്പുണ്ട്. ഇവയൊക്കെ പൊളിച്ചു മാറ്റാതെ, പുനർ നിർമ്മിച്ച് ഉപയോഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അരൂക്കുറ്റിയുടെ വികസനത്തിനായുള്ള രൂപരേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഗവ.ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉടനെ ആരംഭിക്കും. കായലിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ നിർമ്മാണം നടത്തുന്നതിന് തീരദേശ പരിപാലന നിയമം പലപ്പോഴും പ്രതിസന്ധിയാകുന്നുണ്ട്

- പി.എം. പ്രമോദ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്

രാജകീയ പരിവേഷത്തിൽ നിന്നിരുന്ന അരൂക്കുറ്റിയും സകല പ്രൗഡിയും ജനാധിപത്യ സമ്പ്രദായം വന്നപ്പോൾ നഷ്ടപ്പെട്ടു. അവശേഷിച്ച കെട്ടിടങ്ങളും ഭൂമിയും സംരക്ഷിക്കുന്നില്ല. ഭാവനാപൂർണ്ണമായ പദ്ധതികളിലൂടെ വികസനം നടപ്പാക്കണം. അതിനുള്ള ഭൂമിയും മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്

- പി.വിനോദ്, മാനേഴത്ത്, അരൂക്കുറ്റി

Advertisement
Advertisement