ഷാർജ ഭരണാധികാരിക്ക് ഡി - ലിറ്റ് നൽകിയതിൽ പങ്കില്ല : കെ.ടി. ജലീൽ

Friday 17 June 2022 12:53 AM IST

തിരുവനന്തപുരം: ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് സർവകലാശാല ഡി - ലിറ്റ് ബിരുദം നൽകിയതിൽ തനിക്ക് പങ്കില്ലെന്നും, 2014ൽ യു.ഡി.എഫ് ഭരണ കാലത്താണ് ഡി- ലിറ്റ് നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചതെന്നും മുൻ മന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീൽ സ്വാധീനം ചെലുത്തിയാണ് ഡി ലിറ്റ് നൽകിയതെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അന്ന് പി.കെ. അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ അന്ന് ഡോ. അബ്ദുൾ സലാമായിരുന്നു. അയാൾ ഇന്ന് ബി.ജെ.പിയുടെ നേതാവാണ്. വല്ല സംശയവുമുണ്ടെങ്കിൽ സലാമിനോട് ചോദിക്കാം. 2018ലാണ് താൻ ഉന്നതവിദ്യാഭ്യാസമന്ത്രിയായത്. നട്ടാൽ കുരുക്കാത്ത നുണകളാണ് സ്വപ്ന പറയുന്നത്. അതിൽ കേസെടുത്ത് അന്വേഷണം നടത്തണം.

ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യർ തന്റെ ബിനാമിയാണെന്ന് സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത് അസംബന്ധമാണെന്ന് ജലീൽ പറഞ്ഞു. പുട്ടിനു തേങ്ങയിടുന്നതു പോലെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ.

തിരുനാവായക്കാരനായ മാധവ വാര്യർ തന്റെ സുഹൃത്താണ്. അദ്ദേഹം മുംബയ് ആസ്ഥാനമായാണ് ബിസിനസ് നടത്തുന്നത്. ബാലമന്ദിരം നടത്തുന്നുണ്ട്. അവിടത്തെ മിക്ക പരിപാടികളിലും താൻ പങ്കെടുത്തിട്ടുണ്ട്. മാധവവാര്യരുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നലെ വാർത്തകൾ കണ്ട് വിളിച്ചിരുന്നു. എച്ച്.ആർ.ഡി.എസ് എന്ന സംഘടനയുമായി അദ്ദേഹത്തിനു ചില കേസുകളുണ്ട്. അട്ടപ്പാടിയിൽ എച്ച്.ആർ.ഡി.എസിനു വേണ്ടി വീടുകൾവച്ചുനൽകിയത് വാര്യർ ഫൗണ്ടേഷനാണ്. അതിനുവണ്ടിച്ചെക്ക് നൽകിയതുസംബന്ധിച്ച് മുംബെയ് ഹൈക്കോടതിയിൽ കേസുണ്ട്. അവരുമായുള്ള തർക്കം എങ്ങനെ ഈ കേസിലേക്കു വഴി തിരിച്ചു വിടാമെന്നാണ് നോക്കുന്നത്-ജലീൽ പറഞ്ഞു.

Advertisement
Advertisement