ഷൂട്ടർ സിപ്പി സിദ്ദു വധം: ഹിമാചൽ ജസ്റ്റിസിന്റെ മകൾ അറസ്റ്റിൽ

Friday 17 June 2022 12:00 AM IST

 പ്രണയപ്പകയെന്ന് സി.ബി.ഐ, അറസ്റ്റ് ഏഴു വർഷത്തിന് ശേഷം

ഹിമാചൽപ്രദേശ്: ദേശീയ ഷൂട്ടിംഗ് താരവും അഭിഭാഷകനുമായ സുഖ്‌മൻപ്രീത് സിംഗ് സിദ്ദു (സിപ്പി സിദ്ദു) വെടിയേറ്റ് മരിച്ച കേസിൽ കാമുകിയായിരുന്ന കല്യാണി സിംഗിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീനയുടെ മകളാണ് കല്യാണി. പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് എസ്.എസ്. സിദ്ദുവിന്റെ ചെറുമകനായ സിപ്പി സിദ്ദു 2015 സെപ്തംബർ 20നാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ചണ്ഡിഗറിലെ പാർക്കിൽ 5 വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹം. 2016 ജനുവരിയിലാണ് സി.ബി.ഐ ഏറ്റെടുത്തത്.

സിദ്ദുവിനെ വെടിവച്ചുകൊന്ന ആൾക്കൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല.

പ്രണയബന്ധം തകർന്നതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഏഴുവർഷം മുമ്പത്തെ കൊലപാതകക്കേസിൽ സി.ബി.ഐ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. ഇവരെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും വാഹനങ്ങളും കണ്ടെത്താനും കല്യാണിയെ വിശദമായി ചോദ്യം ചെയ്യും.

 പ്രണയം പകയായി

സിപ്പി സിദ്ദുവും കല്യാണി സിംഗും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. സിദ്ദുവിനെ വിവാഹം ചെയ്യാൻ കല്യാണി ആഗ്രഹിച്ചിരുന്നു. എന്നാൽ, കല്യാണിയുമായുള്ള ബന്ധത്തെ സിദ്ദുവിന്റെ മാതാപിതാക്കൾ എതിർത്തു. സിദ്ദു പിന്മാറി. ഇതോടെ കല്യാണിക്ക് സിദ്ദുവിനോടു പകയായി. പിന്നീട് കല്യാണിയുടെ ചില സ്വകാര്യ ചിത്രങ്ങൾ സിദ്ദു അവളുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തത് പക വർദ്ധിപ്പിച്ചു.

Advertisement
Advertisement