ഇനിയൊരു ഫയൽ യജ്ഞം വേണ്ടിവരരുത്

Friday 17 June 2022 12:00 AM IST

സർക്കാർ ഓഫീസുകളിൽ ജന്മമെടുക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നു അവസരം ലഭിക്കുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിക്കാറുണ്ട്. ഫയലുകൾ കുന്നുകൂടുന്നതല്ലാതെ പൊതുജനങ്ങളുടെ ആവലാതികൾക്കും പരാതികൾക്കും ആശ്വാസം ലഭിക്കാറില്ല. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാത്രം തീർപ്പാക്കാൻ ഉൗഴം കാത്തുകിടക്കുന്നത് മൂന്നുലക്ഷം ഫയലുകളാണത്രെ. ഫയലുകൾ കുന്നുകൂടുമ്പോൾ കാലാകാലങ്ങളിൽ തീർപ്പാക്കൽ യജ്ഞങ്ങളും അരങ്ങേറാറുണ്ട്. അത്തരമൊരു യജ്ഞത്തിനാണ് ബുധനാഴ്ച തുടക്കമിട്ടിരിക്കുന്നത്. മൂന്നുമാസം കൊണ്ട് കുടിശിക ഫയലുകളിൽ തീരുമാനമെടുത്ത് പുതിയ സ്ളേറ്റിൽ കാര്യങ്ങൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഓരോ മാസത്തെയും പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തുമെന്ന് യജ്ഞം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇനി ഇത്തരമൊരു ഫയൽ തീർപ്പാക്കൽ യജ്ഞം ആവശ്യമായി വരരുതെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം ശ്രദ്ധേയമായി. കുടിശിക ഫയലുകളുടെ പിറകെ പോകുമ്പോൾ പുതുതായി ജനിക്കുന്ന ഫയലുകൾ കുടിശികയായി മാറരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ സാരം. അതിനു വേണ്ടത് ഉദ്യോഗസ്ഥരുടെ പൂർണ സഹകരണമാണ്. യാന്ത്രികമായി പണിയെടുത്താൽ സാധിക്കാവുന്നതല്ല കുടിശിക ഫയലുകളുടെ തീർപ്പാക്കൽ. ഏഴുവർഷം വരെ പഴക്കമുള്ള ഫയലുകൾ തീരുമാനം കാത്തുകിടപ്പുണ്ട്. ഇവയിൽ നല്ലൊരുഭാഗവും വകുപ്പു തലവന്മാർ വിചാരിച്ചാൽ എളുപ്പം തീർക്കാവുന്നവയാകും. പൊതുഭരണ, ധന, നിയമവകുപ്പുകളുമായി ബന്ധപ്പെട്ടവയാണ് ഫയലുകളിലേറെയും. ഇവിടങ്ങളിൽ ആവശ്യമെന്നു കണ്ടാൽ കൂടുതൽ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാം. സങ്കീർണതകൾ ഉൾക്കൊള്ളുന്ന ഫയലുകൾ തീർപ്പാക്കാൻ പ്രത്യേക സംവിധാനം തന്നെ ഏർപ്പെടുത്തണം. ഇടക്കാലത്ത് സർക്കാർ സേവനങ്ങൾ പൊതുജനത്തിന് അതിവേഗം ലഭിക്കാൻ പല സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ തീരുമാനങ്ങൾ ഉത്തരവായി വരാൻ ചിലപ്പോൾ താമസം നേരിടാറുണ്ട്. താഴെ തട്ടുകളിലേക്ക് ഇവ എത്താൻ വൈകുമ്പോൾ സേവനം തേടിയെത്തുന്നവരുടെ മുൻപിൽ അധികാരികൾ കൈമലർത്തേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. അതിവേഗ വിവരകൈമാറ്റം സാദ്ധ്യമായ ഇക്കാലത്ത് ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്. ഏതു തീരുമാനവും ഉത്തരവുകളും തൽക്ഷണം ബന്ധപ്പെട്ട ഓഫീസുകളെ അറിയിക്കുന്നത് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

സെക്രട്ടേറിയറ്റിലെ കുടിശിക ഫയലുകളിൽ നാല്പത്തൊന്നു ശതമാനവും വസ്തുതർക്കവും കെട്ടിടനിർമ്മാണ തർക്കങ്ങളുമായി ബന്ധപ്പെട്ടവയാണത്രെ. കൃത്യമായ കെട്ടിടനിർമ്മാണ നിയമവും ചട്ടങ്ങളുമൊക്കെ ഉണ്ടായിട്ടും ഇത്രയധികം അപേക്ഷകൾ കുന്നുകൂടുന്നതിന് ന്യായീകരണമില്ല. താഴെത്തട്ടിൽ വച്ചുതന്നെ തീർപ്പുണ്ടാക്കേണ്ടവയാകും ഇവയിലധികവും. നിയമങ്ങളും ചട്ടങ്ങളും സങ്കീർണതകൾ ഉള്ളവയാണെങ്കിൽ അവയൊക്കെ മാറ്റിയെഴുതുകയാണു വേണ്ടത്. ആളുകളെ ഉപദ്രവിക്കാൻ വേണ്ടി മാത്രമുള്ള നിയമങ്ങൾ റദ്ദാക്കുക തന്നെ വേണം.

വകുപ്പുമേധാവികളും തൊട്ടുതാഴെയുള്ളവരുമാണ് ഫയലുകൾ കുന്നുകൂടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത്. ഇവർ തങ്ങളുടെ ചുമതല കൃത്യമായി നിറവേറ്റാൻ മടിക്കുന്നതുകൊണ്ടാണ് സേവനം ലഭിക്കാൻ പൊതുജനം സർക്കാരാഫീസുകളിൽ നിരന്തരം കയറിയിറങ്ങേണ്ടിവരുന്നത്. അവകാശങ്ങൾക്കുവേണ്ടി സദാ മുറവിളി കൂട്ടുന്നവർ പൊതുസേവകരെന്ന നിലയിൽ തങ്ങളുടെ കടമ ആത്മാർത്ഥതയോടെ നിറവേറ്റാനും തയ്യാറാകണം.

മൂന്നുമാസം നീണ്ടുനിൽക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം പുതിയൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കാം. സർക്കാർ സേവനങ്ങൾ കാലവിളംബമില്ലാതെ ലഭ്യമാകുമ്പോഴാണ് ഭരണത്തെക്കുറിച്ച് ജനങ്ങളിൽ മതിപ്പുണ്ടാകുന്നത്. ഉദ്യോഗസ്ഥരെ ആ വഴിക്കു ചിന്തിപ്പിക്കാനും പ്രവൃത്തിയെടുപ്പിക്കാനും സർക്കാരിനു കഴിയണം.

Advertisement
Advertisement