സ്കൂളുകളിൽ കുടിവെള്ളം പരിശോധിക്കണം: ഫണ്ടിൽ കൈമലർത്തൽ

Friday 17 June 2022 12:03 AM IST

കണ്ണൂർ:സ്കൂളുകളിലെ കുടിവെള്ള പരിശോധന നടത്തുന്നതിന് പ്രധാനാദ്ധ്യാപകർക്ക് ആവശ്യമായ ഫണ്ട് നൽകാതെ സർക്കാർ. പലയിടങ്ങളിലുമുണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിശോധന കർശനമാക്കിയെങ്കിലും ഇതിനായി ഫണ്ട് നൽകുന്നില്ലെന്നാണ് ആക്ഷേപം. ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പെടെയുള്ള പ്രധാനാദ്ധ്യാപകർക്ക് കണ്ണൂർ വാട്ടർ അതോറിറ്റിയിലെത്തി വെള്ളം പരിശോധന നടത്തണമെങ്കിൽ നല്ലൊരു തുക തന്നെ സ്വന്തം കീശയിൽ നിന്ന് മുടക്കേണ്ടിവരും.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് ജില്ലയിലെ നിശ്ചിത കേന്ദ്രങ്ങളിലെത്തി വെള്ളം ശേഖരിച്ച് ഗുണ നിലവാരം പരിശോധിച്ച് നൽകിയിരുന്നു. അഞ്ഞൂറു രൂപയാണ് ഇതിന് ഫീസായി ഈടാക്കിയത്. ഹെഡ്മാസ്​റ്റേഴ്‌സ് ഫോറം മുൻകൈ എടുത്താണ് ഇത്തരത്തിൽ പരിശോധനയ്ക്കുള്ള സാഹചര്യമൊരുക്കിയത്. എന്നാൽ ഈ വർഷം ഇത്തരം പരിശോധനാസംവിധാനം ഒന്നും ഒരുക്കിയില്ല.

അതേസമയം മലയോര മേഖലയിലുള്ള ഉൾപ്രദേശങ്ങളിലെ അദ്ധ്യാപകർ വെള്ളത്തിന്റെ സാമ്പിളുമായി കണ്ണൂർ വാട്ടർ അതോറിറ്റിയിലെത്താനുള്ള പ്രയാസം കണക്കിലെടുത്ത് പലരും വെള്ളം പരിശോധിക്കാൻ തയ്യാറാകാത്ത സാഹചര്യവുമുണ്ട്. പണച്ചിലവ് കണക്കിലെടുത്ത് പേരിന് ബാക്ടീരിയ പരിശോധന മാത്രം നടത്തുന്നവരുമുണ്ടെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

ജില്ലാപഞ്ചായത്തിന്റെ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധികൃതർ സ്‌കൂളിൽ നേരിട്ടെത്തി വെള്ളം പരിശോധന നടത്തിയിരുന്നു. എന്നാൽ ബാക്ടീരിയ പരിശോധന മാത്രമാണ് ഇതിൽ നടന്നത്. കുടിവെള്ളത്തിന്റെ ഗുണനിലവാരം മുഴുവനായും മനസിലാകാൻ ഈ പരിശോധന പര്യാപ്തമല്ല. വെള്ളത്തിന്റെ മുഴുവൻ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

ഗാർഹിക വിഭാഗത്തിന് ₹850

സ്കൂളുകൾ കൊമേഴ്സ്യൽ

കുടിവെള്ളത്തിന്റെ ഗുണനിലവാരം മുഴുവനായി പരിശോധിക്കാൻ 2790 രൂപയാണ് ഈടാക്കുന്നത്. ബാക്ടീരിയ പരിശോധന മാത്രമാണ് നടത്തുന്നതെങ്കിൽ അറുന്നൂറു രൂപ നൽകണം. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷം സ്‌കൂളുകൾ കൃത്യമായി തുറന്ന് പ്രവർത്തിക്കാത്തതിനാൽ പി.ടി.എ ഫണ്ട് നിലവിലില്ലാത്തതും അദ്ധ്യാപകർക്ക് വെല്ലുവിളിയാകുന്നുണ്ട്.ഗാർഹികാവശ്യത്തിനുള്ള ജലം 850 രൂപയ്ക്ക് ഗുണനിലവാരം പരിശോധിച്ച് നൽകുമ്പോഴാണ് സ്‌കൂളുകളെ കൊമേഴ്‌സ്യൽ വിഭാഗത്തിൽ ഉൾപെടുത്തി വാട്ടർ അതോറി​റ്റി കൂടുതൽ തുക ഈടാക്കുന്നത്. സ്‌കൂളുകളെ ഗാർഹിക വിഭാഗത്തിൽപ്പെടുത്തണമെന്ന് പ്രധാനാദ്ധ്യാപകർ പറഞ്ഞു.

Advertisement
Advertisement