പ്രതീക്ഷയുടെ ചൂളംവിളിക്ക് കേന്ദ്രത്തിന്റെ റെഡ് സിഗ്നൽ

Friday 17 June 2022 1:36 AM IST

 തലസ്ഥാനത്തെ റെയിൽവേ വികസനത്തിന് തിരിച്ചടി

 ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുത്ത് നാട്ടുകാർ

തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനൽ ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ ഓഫീസ് മെമ്മോറാണ്ടം വഴി ജോൺബ്രിട്ടാസ് എം.പിയെ അറിയിച്ച വിവരം അറിഞ്ഞതിന്റെ നിരാശയിലാണ് തലസ്ഥാനവാസികൾ. തെക്കൻ കേരളത്തിന്റെ റെയിൽവേ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്ന് കരുതിയിരുന്ന പദ്ധതിയായിരുന്നു നേമത്തെ കോച്ചിംഗ് ടെർമിനൽ. പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നേമത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ഫ്രാൻസ്. വർഷങ്ങളായി തങ്ങളെ കേന്ദ്രസർക്കാർ പറഞ്ഞുപറ്റിക്കുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലമേറ്റെടുപ്പിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ചെലവ് കുറഞ്ഞ പദ്ധതിയായിട്ടും കേന്ദ്രം പദ്ധതി ഉപേക്ഷിച്ചതിന്റെ കാരണം അജ്ഞാതമാണ്. എഴുപതുകളിൽ സ്ഥലം ഏറ്റെടുക്കുമ്പോൾത്തന്നെ പതിവിലധികം ഭൂമി നേമം റെയിൽവേ സ്റ്റേഷനു വേണ്ടി എടുത്തിരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് അടുത്തായതിനാൽ ഭാവി മുൻകൂട്ടി കണ്ടായിരുന്നു നീക്കം. അടുത്തിടെ സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി വി.മുരളീധരനും കോച്ചിംഗ് ടെർമിനൽ അതിവേഗം നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്.

ടെർമിനൽ എന്തിന്?

തിരുവനന്തപുരം സെൻട്രൽ ടെർമിനലിലെ തിരക്ക് ഒഴിവാക്കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരത്തു നിന്ന് പുറപ്പെടുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകളുടെ ടെർമിനൽ, കോച്ചുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയവയായിരുന്നു ഇവിടെ സജ്ജീകരിക്കാനിരുന്നത്. 30 തീവണ്ടികളുടെ അറ്റകുറ്റപ്പണികൾക്കായി 10 പിറ്റ് ലൈനുകൾ, 12 സ്റ്റേബ്ളിംഗ് ലൈനുകൾ,സിക്ക് ലൈനുകൾ,സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ തുടങ്ങിയവും പദ്ധതിയുടെ ഭാഗമായിരുന്നു. ചെന്നൈയിലെ ബേസിൻ ബ്രിഡ്‌ജ് കോച്ചിംഗ് ഡിപ്പോയുടെ മാതൃകയിലായിരുന്നു പദ്ധതി വിഭാവനം ചെയ്‌തിരുന്നത്.

തറക്കല്ലിടൽ ആഘോഷം

2011-12ലെ റെയിൽവേ ബഡ്‌ജറ്റിൽ പദ്ധതി ഉൾക്കൊള്ളിച്ചിരുന്നു.തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലുമുള്ള പ്ലാറ്റ്ഫോം സൗകര്യങ്ങൾ അപര്യാപ്‌തമെന്നു കണ്ടാണ് പദ്ധതി പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രലിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതിന്റെ രണ്ടര ഇരട്ടിയിലധികം ട്രെയിനുകളാണ് ദിവസവും കൈകാര്യം ചെയ്യുന്നത്.

പദ്ധതി 2018-19ൽ റെയിൽവേ അംബ്രലാ വർക്കിന്റെ ഭാഗമാക്കി. അതനുസരിച്ച് റെയിൽവേ മന്ത്രി 2019 മാർച്ച് 7ന് തറക്കല്ലിട്ടു. ആറ് എം.പിമാരുടെയും രണ്ട് എം.എൽ.എമാരുടെയും സാന്നിദ്ധ്യത്തിൽ ആഘോഷമായിട്ടായിരുന്നു തറക്കല്ലിടൽ.എന്നാൽ പദ്ധതി രേഖ അന്തിമമാക്കുന്നത് പിന്നെയും വൈകി. ടെർമിനൽ നിർമ്മാണം അകാരണമായി വൈകുന്നതിനെക്കുറിച്ച് രാജ്യസഭയിൽ നിരവധി തവണ എം.പിമാർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പദ്ധതി പരിഗണനയിലാണെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരുന്നു റെയിൽവേ നൽകിയിരുന്നത്.

കാടുകയറിയ സ്റ്റേഷൻ

ഉപഗ്രഹ സ്റ്റേഷനായി ഉയർത്തപ്പെടേണ്ട നേമം റെയിൽവേ സ്റ്റേഷൻ ഇന്ന് കാട് കയറിയ നിലയിലാണ്. സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പോകാൻ ടാറിട്ട റോഡ് പോലുമില്ല. മഴ പെയ്‌താൽ നടപ്പാത ചെളിയാകും. സ്റ്റേഷൻ പരിസരവും ഓഫീസും പ്ലാറ്റ്ഫോമും വരെ കാട് പിടിച്ചു.

സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. കേരളത്തിലെ എല്ലാ എം.പിമാരും നേമം റെയിൽവേ സ്റ്റേഷന് വേണ്ടി രംഗത്തിറങ്ങണം.

ആർ.എസ്.ശശികുമാർ

രക്ഷാധികാരി,ഫ്രാൻസ്

Advertisement
Advertisement