നടൻ ദിലീപിന് ദുബായ് ഗോൾഡൻ വിസ ലഭിച്ചു

Friday 17 June 2022 7:24 AM IST

ദുബായ്: നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. പത്ത് വ‌ർഷം കാലാവധിയുള‌ളതാണ് ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസ. രാജ്യത്ത് സ്‌പോൺസറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോൾ‌ഡൻ വിസ ലഭിക്കുന്നവർക്ക് സാധിക്കും. പത്ത് വർഷം കാലാവധി കഴിഞ്ഞാൽ തനിയെ പുതുക്കാനാകും.

2021 ഓഗസ്‌റ്റിൽ മോഹൻലാലിനും മമ്മൂട്ടിയ്‌ക്കും ഗോൾഡൻ വിസ അനുവദിച്ചിരുന്നു. തുടർന്ന് മലയാള സിനിമയിലെ നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹൻലാൽ,​ ദുൽഖർ സൽമാൻ,​ പൃഥ്വിരാജ്,​ ടൊവിനോ തോമസ്,​ ആസിഫ് അലി,​സുരാജ് വെഞ്ഞാറമ്മൂട്,​ ഗായിക കെ.എസ് ചിത്ര,​ നടിമാരായ മീന,​ ശ്വേത മേനോൻ,​ മീര ജാസ്‌മിൻ,​ നൈല ഉഷ,​ മിഥുൻ രമേശ് എന്നിവരും ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദര സൂചകമായി യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകാറുണ്ട്.