മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല, നടന്നത് വധശ്രമം തന്നെയാണെന്ന് കോടിയേരി

Friday 17 June 2022 8:07 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള‌ളിൽ നടന്ന യൂത്ത് ‌കോൺഗ്രസ് പ്രതിഷേധം വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സംഭവം നടന്നയുടൻ കോഴിക്കോട് പുറമേരിയിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ച കോടിയേരി പ്രതിഷേധിക്കാൻ മൂന്ന് പേ‌ർ വിമാനത്തിൽ കയറിയതായും മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞെന്നും അവരെ തടയേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത് എന്നും പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രി വിമാനത്തിൽനിന്നും ഇറങ്ങിയശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തക‌ർ മുദ്രാവാക്യം വിളിച്ചത് എന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. ഈ നിലപാട് ഇന്ന് പാർട്ടി മുഖപത്രത്തിൽ പാർട്ടി സെക്രട്ടറി തിരുത്തിയിരിക്കുകയാണ്.

ഇ.പി ജയരാജനും സുരക്ഷാ ജീവനക്കാരും തടഞ്ഞതിനാലാണ് മുഖ്യമന്ത്രിയെ പ്രതിഷേധക്കാർക്ക് തൊടാനാകാത്തത്. ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ലെന്ന് പ്രതിഷേധക്കാ‌ർ മുദ്രാവാക്യം മുഴക്കി. പൊലീസും സുരക്ഷാ ഏജൻസികളും മുഖ്യമന്ത്രിയുടെ സുരക്ഷയൊരുക്കുമെന്നും മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു.

കണ്ണൂർ-തിരുവനന്തപുരം വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫർസീൻ മജീദ്, നവീൻ കുമാർ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തിരുന്നു. മൂന്നാമത് പ്രതിയായ ദൃശ്യങ്ങൾ പക‌ർത്തിയ സുനിത് നാരായണന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾ ഒളിവിലാണ്. കേസിലെ ഗൂഢാലോചനയടക്കം പുറത്തുവരുന്ന തരം അന്വേഷണം വേണമെന്നാണ് പൊലീസ് മേധാവി, കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്‌.പി പ്രജീഷ് തോട്ടത്തിലിന് നൽകിയ നിർദ്ദേശം.