ചിരിപ്പിച്ചും രസിപ്പിച്ചും പ്രകാശനും കുടുംബവും, പ്രകാശൻ പറക്കട്ടെ, റിവ്യൂ

Friday 17 June 2022 2:42 PM IST

നിവിൻ പോളിയും നയൻതാരയും പ്രധാന വേഷങ്ങളിലെത്തിയ 'ലൗ ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ രചന നിർവഹിച്ച ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. ദിലീഷ് പോത്തൻ ടെെറ്റിൽ റോളിലെത്തുന്ന ചിത്രം നവാഗതനായ ​ഷ​ഹ​ദാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. രസകരമായ അഭിമുഖങ്ങളിലൂടെ സമീപഭാവിയിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ധ്യാൻ തിരക്കഥയെഴുതുന്നു എന്നതായിരുന്നു 'പ്രകാശൻ പറക്കട്ടെ'യുടെ പ്രധാന ആകർഷണം.

ദി​ലീ​ഷ് ​പോ​ത്ത​നെക്കൂടാതെ​ മാ​ത്യു​ ​തോ​മ​സ്,​ നി​ഷ​ ​സാ​രം​ഗ്, സൈ​ജു​ ​കു​റു​പ്പ്,​ മാ​ള​വി​ക​ ​മ​നോ​ജ്, ഋ​തു​ൺ​ ​ജ​യ് ​ശ്രീ​ജി​ത് ​ര​വി​, ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​,​ അ​ജു​ ​വ​ർ​ഗീ​സ്, ശ്രീ​ജി​ത് ​ര​വി,​ ​ഗോ​വി​ന്ദ് ​വി.​ ​പൈ,​ ​സ്‌മി​നു​ ​സി​ജോ എന്നിവരടങ്ങുന്ന താരനിരയാണ് ചിത്രത്തിലുള്ളത്.

അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു സാധാരണ കുടുംബത്തിന്റെ കഥ ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറയുന്ന ചിത്രത്തിൽ കൗമാരക്കാരുടെ പ്രശ്നങ്ങളും ചിന്തകളും പ്രണയവും ഒക്കെ ചർച്ചയാകുന്നുണ്ട്. മാ​ത്യു​ ​തോ​മ​സ് അവതരിപ്പിച്ച ദാസനിലും പ്രകാശനിലും ഊന്നിയാണ് കഥ പുരോഗമിക്കുന്നത്.

പ്രകാശന്റെ ഭാര്യ ലതയായി 'ഉപ്പും മുളകും' സീരിയലിലൂടെ ശ്രദ്ധ നേടിയ നി​ഷ​ ​സാ​രം​ഗ് വേഷമിടുന്നു. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. പ്രകാശന്റെ അളിയനായി എത്തുന്ന കുട്ടൻ എന്ന കഥാപാത്രത്തെ സെെജു കുറുപ്പ് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 'കോഴി കുട്ടൻ' എന്ന് നാട്ടുകാർ വിളിക്കുന്ന, കുറച്ചൊക്കെ തരികിടകൾ വശമുള്ള കഥാപാത്രത്തെ അനായാസമായാണ് സെെജു കുറുപ്പ് കെെകാര്യം ചെയ്‌തത്. ബാലതാരമായി എത്തിയ ഋ​തു​ൺ​ ​ജ​യ് ​ശ്രീ​ജി​ത് ​ര​വി​യും ശ്രദ്ധേയമായ പ്രകടനം നടത്തി.

പ്രേക്ഷകരെ ചിരിപ്പിക്കുന്ന ആദ്യപകുതിയ്ക്ക് ശേഷം ചിന്തിപ്പിക്കുന്ന, അൽപ്പമൊക്കെ വിഷമിപ്പിക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റേത്. ദാസന്റെ പ്രണയവും ചിത്രത്തെ രസകരമാക്കുന്നുണ്ട്. കോമഡി എന്റർടെയിനറായി തുടങ്ങുന്ന ചിത്രം പതിയെ ഫാമിലി ‌ഡ്രാമയിലേക്ക് എത്തിപ്പെടുന്നുണ്ട്.

സിറ്റുവേഷണൽ കോമഡികൾ കൊണ്ട് ചിത്രം സമ്പന്നമാണ്. എന്നാൽ കാലഹരണപ്പെട്ട, പ്രേക്ഷകന് ദഹിക്കാത്ത തരത്തിലുള്ള തമാശകളും ചിത്രത്തിൽ ചേർത്തുവച്ചിട്ടുള്ളത് ഇടയ്‌ക്കൊക്കെ കല്ലുകടിയാകുന്നുണ്ട്.

അച്ഛൻ മകൻ ബന്ധത്തെ രസകരമായും ആഴത്തിലും ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന കഥ ദൃശ്യഭംഗിയോടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ഛായാഗ്രഹണം നിർവഹിച്ച ഗുരുപ്രസാദിനായി. ഷാൻ റഹ്മാൻ ഒരുക്കിയ പശ്ചാത്തലസംഗീതവും ഗാനങ്ങളും ശരാശരിയിലൊതുങ്ങി. പുതുമയുള്ള കഥ അല്ലായിരുന്നെങ്കിലും അഭിനേതാക്കളുടെ മികവ് ചിത്രത്തിന് തുണയായിട്ടുണ്ട്. ധ്യാൻ ശ്രീനിവാസനും അജു വർഗീസും അതിഥി താരങ്ങളായാണ് ചിത്രത്തിലെത്തുന്നത്.

ഹി​റ്റ് ​മേ​ക്കേ​ഴ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്,​ ഫ​ന്റാ​സ്റ്റി​ക് ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​വി​ശാ​ഖ് ​സു​ബ്ര​ഹ്മ​ണ്യം,​ ​ടി​നു​ ​തോ​മ​സ്,​ ​അ​ജു​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ചിത്രം ​നി​ർ​മ്മിച്ചിരിക്കുന്നത്. കോമഡി എന്റർടെയിനർ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് അമിത പ്രതീക്ഷകളില്ലാതെ സമീപിക്കാനാകുന്ന കുഞ്ഞുചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'.