മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി

Friday 17 June 2022 4:18 PM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ മൂന്നാംപ്രതി മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത്ത് നാരായണൻ ആണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയെ താൻ ആക്രമിച്ചിട്ടില്ല, പൊലീസ് തെറ്റായി പ്രതിചേർത്തതാണ്, തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും സുജിത്തിന്റെ ഹർജിയിൽ പറയുന്നു.

കേസിലെ മറ്റ് പ്രതികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. വധശ്രമകേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹർജിയിൽ പറയുന്നത്. യാത്രക്കാർക്ക് പുറത്തിറങ്ങാൻ വാതിൽ തുറന്നപ്പോൾ ആണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ സ്പർശിക്കുകയോ അടുത്ത് പോവുകയോ ചെയ്തിട്ടില്ല. തങ്ങള്‍ ആയുധം കയ്യിൽ വയ്ക്കുകയോ അക്രോശിക്കുകയോ ചെയ്തിട്ടില്ല. വിമാനത്തിൽ വച്ച് ഇ പി ജയരാജനും ഗൺമാനും തങ്ങളെ ക്രൂരമായി മർദ്ദിച്ചു. വധശ്രമം എന്ന വകുപ്പ് പോലും നിലനിൽക്കാത്ത കേസാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം,​ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത് ഇപി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ്. കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ അക്രമികള്‍ പാഞ്ഞടുത്തത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.