നടുവൊടിഞ്ഞ് പാലങ്ങൾ, 'വഴി'മുട്ടി ജീവിതം.

Saturday 18 June 2022 12:00 AM IST

മുണ്ടക്കയം. പ്രളയമൊഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴും കൂട്ടിക്കൽ പഞ്ചായത്തിൽ നടുവെടിഞ്ഞും അപ്പാടെ തകർന്നും പോയ പാലങ്ങൾ പലതും പുനർനിർമ്മിക്കാൻ അധികൃതർക്കായിട്ടില്ല. പ്രാഥമികമായ സഞ്ചാരസൗകര്യങ്ങൾ പോലും ഏർപ്പെടുത്താതെ അവകാശവാദങ്ങളിൽ അഭിരമിക്കുകയാണ് ബന്ധപ്പെട്ടവർ.

പാതി തകർന്ന ഏന്തയാർ മുക്കുളം പാലം നിർമ്മാണത്തിന് ഇതുവരെ നടപടിയായിട്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിനു പകരം ജനകീയ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമ്മിച്ചിരുന്നു. തുടക്കത്തിൽ ഇതിലൂടെ ബൈക്ക് പോകുമായിരുന്നെങ്കിലും കൂടുതൽ ബലക്ഷയം സംഭവിച്ചതോടെ കാൽനടയാത്ര മാത്രമായി ചുരുക്കി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന്റെ തകർന്ന കൈവരികൾ ഇനിയും പുനസ്ഥാപിച്ചിട്ടില്ല.

കൂടുതൽ നാശനഷ്ടം ഏറ്റ ഏഴാം വാർഡ് ഇളംകാടിന്റെ സ്ഥിതി ദയനീയമാണ്. പുറം ലോകവുമായി ബന്ധിക്കുന്ന ഏഴ് പാലങ്ങളാണ് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഈ വാർഡിൽ തകർന്നത്. ഇളംകാട് ടൗൺ പാലം തകർന്നതോടെ ഇളംകാട് ടോപ്പിലേക്കുള്ള ബസ് സർവീസ് നിലച്ചു. 15 രൂപ മുടക്കി ടൗണിൽ എത്തിയിരുന്ന ആളുകൾക്ക് ഇപ്പോൾ 100 രൂപ ഓട്ടോകൂലി കൊടുക്കണം. സാധനങ്ങൾ എത്തിക്കാൻ വഴി ഇല്ലാത്തതിനാൽ റേഷൻ കട ടൗണിലേക്ക് മാറ്റി. ഇതോടെ സൗജന്യമായി ലഭിക്കുന്ന അരി വാങ്ങാൻ പോലും 100 രൂപ മുടക്കണം എന്ന സ്ഥിതിയായി.

തകർന്ന മ്ലാക്കര പാലത്തിനു പകരം തടിപ്പാലം നിർമിച്ചുവെങ്കിലും വലിയ വാഹനങ്ങൾ കടന്നു പോകുമായിരുന്നില്ല. ഇതോടെ സ്വകാര്യ പുരയിടത്തിലൂടെ റോഡ് വെട്ടിയെങ്കിലും ഇത് പിന്നീടുണ്ടായ മഴയിൽ ഒലിച്ചുപോയി. തുടർന്ന് താത്കാലിക ക്രമീകരണങ്ങൾ ചെയ്ത് പാലത്തിലൂടെ ചെറിയ വാഹനങ്ങൾ കടത്തിവി‌ടുന്നുണ്ട്.

ടൗൺ പാലത്തിനും മ്ലാക്കര പാലത്തിനും സർക്കാർ തുക അനുവദിച്ചുവെങ്കിലും തുടർനടപടികൾ വൈകുകയാണ്.

ഇളംകാട് ടോപ്പിന്റെയും മുകളിൽ മൂപ്പൻമല പാലം തകർന്നതോടെ അക്കരെ അകപ്പെട്ടുപോയ വാഹനങ്ങൾ രണ്ടു മാസം മുൻപാണ് ഇക്കരെയെത്തിച്ചത്. സേവാഭാരതിയുടെ നേതൃത്വത്തിൽ തടികൊണ്ട് വാഹനങ്ങൾ പോകാൻ കഴിയുന്ന രീതിയിൽ പാലം നിർമിക്കുകയായിരുന്നു. താൽകാലിക പരിഹാരം ആയെങ്കിലും തടിപ്പാലത്തിലൂടെ ഭീതി നിറഞ്ഞ യാത്ര എത്രനാൾ എന്നാണ് നാട്ടുകാരുടെ ചോദ്യം.

39 ഭാഗത്തെ പാലം നിന്നിടത്ത് ഇപ്പോൾ ഒന്നുമില്ല. നാട്ടുകാർ ചേർന്ന് ആറ്റിൽ മണ്ണിട്ട് ഉയർത്തിയാണ് ഇപ്പോൾ വഴിയൊരുക്കിയത്. ആറ്റിൽ വെള്ളം കുടിയാൽ 25 ഓളം കുടുംബങ്ങൾക്ക് സഞ്ചാര മാർഗമില്ലാതാകും. ഏഴാം വാർഡിലെ ബസ് വരുന്ന റോഡുകൾ പോലും പി.ഡബ്ല്യു.ഡി ഏറ്റെടുക്കാതിരുന്നതാണ് നിർമാണം വൈകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

മൂപ്പൻമല തോടിന് കുറുകെയുള്ള മുത്തനാട്ട് പടി നടപ്പാലം, മ്ലാക്കര, ഓലിക്കൽപടി, മടുക്കാംകുഴി നടപ്പാലങ്ങൾ എന്നിവ വെള്ളം കൊണ്ടുപോയതോടെ ഇപ്പോൾ വെള്ളം വറ്റിയ ആറ്റിലൂടെയാണ് നാട്ടുകാരുടെ നടത്തം. മഴ പെയ്തു വെള്ളം നിറഞ്ഞാൽ ഇതും ഇല്ലാതെയാകും. ഇവിടെ താൽക്കാലിക പരിഹാരങ്ങളും സാദ്ധ്യമല്ല.

തകർന്നുകിടക്കുന്ന പാലങ്ങൾ.

ഏന്തയാർ മുക്കുളം പാലം.

ഇളംകാടിലെ ഏഴ് പാലങ്ങൾ.

ഇളംകാട് ടോപ്പിലെ മൂപ്പൻമല പാലം.

39 ഭാഗത്തെ പാലം.

മുത്തനാട്ട് പടി നടപ്പാലം.

മ്ലാക്കര, ഓലിക്കൽപടി, മടുക്കാംകുഴി നടപ്പാലങ്ങൾ .

കൂട്ടിക്കൽ സ്വദേശി വിജയപ്പൻ പറയുന്നു.

ഇന്നാട്ടിലെ റോഡുകളും പാലങ്ങളും പുനർനിർമ്മിക്കുകയാണ് അടിയന്തരമായി വേണ്ടത്. ഇത്ര കാലമായിട്ടും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ കാര്യങ്ങൾ നടപ്പാവുന്നില്ല.

Advertisement
Advertisement