ട്രെയിനുകളും ബസുകളും കത്തിക്കുന്ന ഗുണ്ടകളെ സൈന്യത്തിന് വേണ്ട; രൂക്ഷ വിമർശനവുമായി മുൻ സൈനിക മേധാവി

Friday 17 June 2022 4:50 PM IST

ന്യൂ‌ഡൽഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സൈനിക മേധാവി ജനറല്‍ വി പി മാലിക്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചത് ജനറല്‍ വി പി മാലികിന്റെ നേതൃത്വത്തിലാണ്.

'ഇന്ത്യൻ സായുധസേന ഒരു സന്നദ്ധ സേനയാണെന്ന് നാം മനസിലാക്കണം. രാജ്യത്തിന് വേണ്ടി പോരാടാനും പ്രതിരോധിക്കാനും കഴിവുള്ള ഏറ്റവും മികച്ച ആളുകളായിരിക്കണം അതിലേക്ക് വരേണ്ടത്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയില്‍ ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'- ജനറല്‍ വി പി മാലിക് പറഞ്ഞു.

അതേസമയം, റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചത് കാരണം ടെസ്റ്റ് പൂർത്തിയാക്കാൻ സാധിക്കാത്ത നിരവധി ഉദ്യോഗാർത്ഥികൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരിൽ പ്രായക്കൂടുതൽ കാരണം അനർഹരായവരുടെ നിരാശ തനിക്ക് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്ക് നിരവധി പ്ലസ് പോയിന്റുകള്‍ ഉണ്ടെന്ന് പറഞ്ഞ ജനറല്‍ മാലിക് ഇത് സംബന്ധിച്ച ആശങ്കകള്‍ അത് നടപ്പിലാക്കുന്ന മുറയ്ക്ക് പരിശോധിക്കാമെന്നും വ്യക്തമാക്കി.