ലഹരി കേസുകളിലെ അന്വേഷണം; ജാഗ്രതയുടെ വില

Saturday 18 June 2022 12:00 AM IST

പ്രശസ്ത ബോളിവുഡ് സിനിമാ താരത്തിന്റെ മകനെ ലഹരി കേസിൽ മുംബൈയിലെ ഒരു ആഡംബര കപ്പലിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നല്ലോ. ലഹരി വസ്തുക്കൾ പിടിയ്‌ക്കുന്ന ഒരു സെൻട്രൽ ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്ത കേസ് കൂടിയായിരുന്നു അത്. ചലച്ചിത്രതാരത്തിന്റെ മകൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ

ഇനി ഉണ്ടാവാൻ സാദ്ധ്യതയുള്ള ലഹരി കേസുകളെ ഈ കേസ് സ്വാധീനിക്കും.

NDPS (Narcotic Drugs and Psychotropic Substances) ആക്ട് പ്രകാരം ചില മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ ഒരു വ്യക്തിക്കെതിരെ ലഹരി കേസെടുക്കാൻ സാധിക്കുകയുള്ളൂ. ലഹരിമരുന്ന് ഉപയോഗിക്കുക, ഉത്പാദിപ്പിക്കുക, വിതരണം ചെയ്യുക, അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്നിവയെല്ലാം നിയമപ്രകാരം കുറ്റകരമാണ്. ബോളിവുഡ് താരത്തിന്റെ മകൻ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്തിട്ടില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ ആരും പരിശോധിച്ചിട്ടില്ല. കുറ്റം ചെയ്യാതിരുന്നിട്ടും 24 ദിവസം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു. ഇന്ത്യയിലെ തന്നെ മുതിർന്ന അഭിഭാഷകർ ശ്രമിച്ചിട്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

NDPS അനുസരിച്ച് കേസെടുക്കുമ്പോൾ ചില വ്യവസ്ഥകൾ കൂടി പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് കേസ് ആസ്പദമാക്കിയുള്ള സംഭവങ്ങൾ വീഡിയോ ആയി ചിത്രീകരിക്കണം. ലഹരി ഉപയോഗിച്ചിട്ടുണ്ടങ്കിൽ ബ്ളഡ്, യൂറിൻ സാംപിൾ പരിശോധിക്കണം, സ്വതന്ത്രരായ സാക്ഷികൾ ഉണ്ടായിരിക്കണം. എന്നാൽ ഈ വ്യവസ്ഥകളൊന്നും സിനിമാതാരത്തിന്റെ മകനെതിരായ കേസിൽ പാലിച്ചിട്ടില്ല. മാത്രമല്ല പ്രതിയെ കസ്റ്റഡിയിലെടുക്കും മുൻപേ മൊബൈൽ ഫോൺ കൈക്കലാക്കിയ പൊലീസ് അതിലെ വിവരങ്ങൾ പരിശോധിച്ചു. അത് പൂർണമായും വ്യക്തിയുടെ അവകാശ ലംഘനമായിരുന്നു. കാരണം ഒരാളെ അറസ്റ്ര് ചെയ്യുമ്പോൾ കോടതിയുടെ അനുമതിയോടെ മാത്രമേ അയാളുടെ മൊബൈൽ ഫോൺ മുതലായ വസ്തുക്കൾ പൊലീസ് പരിശോധിക്കാവൂ.


ഈ കേസിന്റെ പശ്ചാത്തലത്തിൽ സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് ഒരാൾ ലഹരി എടുക്കുന്നതെങ്കിൽ അയാൾക്ക് ജാമ്യം ലഭിക്കാൻ വലിയ താമസമുണ്ടാവില്ല.കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു താരത്തിന്റെ മകന്റെ കേസ് ഉദാഹരണമാണ്. സ്വന്തം ആവശ്യത്തിന് വേണ്ടി ലഹരി ഉപയോഗിച്ചെന്ന് മാത്രമല്ല, അതൊരു നിരോധിത വസ്തുവാണെന്നുള്ള അറിവും അയാൾക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് ജാമ്യം അനുവദിച്ചത്. ഇത്തരത്തിൽ ചെറിയ ലഹരി ഉപയോഗം ഇനി മുതൽ ആളുകളെ ജയിലിൽ അയയ്‌ക്കുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ കാരണമാവുകയില്ല.

ആളുകൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിരവധി ശാസ്ത്രീയ മാർഗങ്ങൾ നിലവിലുണ്ട്. ഇതിനെപ്പറ്റി ജനങ്ങൾ ബോധവാന്മാരുമാണ്. അറസ്റ്റ് ചെയ്തയാളെ പരിശോധനകൾക്ക് വിധേയനാക്കാത്ത പക്ഷം അവർക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ബാംഗ്ലൂരിൽ നടന്ന കേസിലും കസ്റ്റഡിയിലെടുത്തയാളുടെ ഫോൺ കോടതിയുടെ അനുമതിയില്ലാതെ പൊലീസ് പരിശോധിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഇത്തരം അനാസ്ഥകളും ഇവർക്ക് ജാമ്യം ലഭിക്കുന്നതിന് വഴിയൊരുക്കി.

സാധാരണക്കാരും

ലഹരി കേസുകളും

സാധാരണ ലഹരിമരുന്ന് കേസുകളിൽ ജയിലിൽ അകപ്പെടുന്നതിൽ ഏറെയും സാധാരണക്കാരാണ്. അവർക്ക് സ്വന്തമായി മികച്ച അഭിഭാഷകനെ നിയോഗിക്കാൻ ശേഷിയില്ലാത്തതിനാൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയേണ്ടി വരുന്നു. പക്ഷേ ഏതെങ്കിലും സമ്പന്നൻ കേസിൽ അകപ്പെട്ടാൽ അവർക്ക് രക്ഷപ്പെടാൻ വഴികൾ തുറന്നു കിട്ടുന്നുണ്ട്.

സാധാരണക്കാർ പ്രതികളായ പല കേസുകളിലും തെറ്റായ രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മാതാപിതാക്കൾ മാനനഷ്ട കേസ് ഫയൽ ചെയ്താൽ കോടതിയോ സർക്കാരോ അവരെ തുണയ്‌ക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

ഈ കേസിൽ നിന്ന് പൊലീസിന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. അന്വേഷണവും കേസെടുക്കലും സത്യസന്ധവും നീതിയുക്തവുമായിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിതാന്ത ജാഗ്രത പുലർത്തണം. കേസ് തെറ്റാണെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥർ വലിയ വില തന്നെ കൊടുക്കേണ്ടിയും വരുമെന്നും മറക്കരുത്.

Advertisement
Advertisement