പരാതിക്കാരനും പാർട്ടിയുടെ ശിക്ഷ: കടുത്ത സമ്മർദ്ദത്തിനൊടുവിൽ പയ്യന്നൂരിൽ നടപടി

Friday 17 June 2022 11:43 PM IST

കണ്ണൂർ: പയ്യന്നൂരിൽ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ടി.ഐ.മധുസൂദനൻ എം.എൽ.എ ഉൾപ്പടെ ആറു പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ഗത്യന്തരമില്ലാതെ വന്നപ്പോൾ . പാർട്ടിക്കകത്ത് നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇത്തരമൊരു ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ മധുസൂദനനെതിരെ നടപടിയെടുക്കേണ്ടി വന്നത്.

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി സി.പി.എം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂർണ്ണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് പ്രധാന ആരോപണമായി ഉയർന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച പരാതിയും ഉയർന്നത്.
തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും ഓഫീസ് നിർമ്മാണഫണ്ടിനായി നടത്തിയ ചിട്ടിയിലും തട്ടിപ്പ് നടന്നുവെന്നതിന് പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണം കൂടി ഉയർന്നത് പയ്യന്നൂരിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിർമാണത്തിനും കുടുംബാംഗങ്ങൾക്കു നൽകിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരിൽ സ്ഥിരനിേക്ഷപമായി മാറ്റിയെന്നായിരുന്നു ഈ പരാതി.

നാലുവർഷംമുമ്പ് ആ നിക്ഷേപത്തിന്റെ പലിശയിൽ വലിയ ഭാഗം രണ്ടുനേതാക്കളിൽ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് കൂട്ടത്തിൽ ഒരു ആരോപണം. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേർന്ന് 14 ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിൻവലിക്കുകയുംചെയ്തു.

പാർട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനൽകിയതും പിടിക്കപ്പെട്ടു. നിലവിൽ ഏരിയാസെക്രട്ടറി ആയിരുന്ന വി.കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുൻ ഏരിയാസെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്‌നങ്ങൾക്കു തുടക്കമിട്ടതെന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ടായിരുന്നു.എം.എൽ.എ ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം പാർട്ടിക്കകത്തെ വിഷയം എന്നായിരുന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നത്.പയ്യന്നൂരിൽ ഫണ്ട് തിരിമറിയേ നടന്നിട്ടില്ലെന്നും എം.എൽ.എയ്‌ക്കെതിരെ ഒരു കേന്ദ്രത്തിൽ നിന്നും വ്യാജ പ്രചാരണം നടക്കുന്നുവെന്ന വാദവും ശക്തമായിരുന്നു. പയ്യന്നൂരിൽ രക്തസാക്ഷി കുടുംബത്തിനായി പിരിച്ചെടുത്ത ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആരോപണം എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും നിഷേധിച്ചിരുന്നു.

Advertisement
Advertisement