 രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥി : പിന്തുണ ഉറപ്പാക്കാൻ സമിതി രൂപീകരിച്ച് ബി.ജെ.പി

Saturday 18 June 2022 4:47 AM IST

ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന ശ്രമങ്ങൾ മുന്നേറുന്നതിനിടെ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് കൺവീനറായി 14 അംഗ സമിതിക്ക് ബി.ജെ.പി രൂപം നൽകി.

പ്രതിപക്ഷ കക്ഷികളുടെ പൊതുസ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ 17 പാർട്ടികളാണ് പങ്കെടുത്തത്. അഞ്ച് കക്ഷികൾ വിട്ടുനിന്നു. വ്യക്തിപരമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു യോഗമെങ്കിലും പൊതുസ്ഥാനാർത്ഥിയായി ഭൂരിപക്ഷം നേതാക്കളും നിർദ്ദേശിച്ച എൻ.സി.പി നേതാവ് ശരദ് പവാർ മുഖം തിരിച്ചത് തിരിച്ചടിയായി. പകരം മമത ബാനർജി നിർദ്ദേശിച്ചത് ഗോപാൽകൃഷ്‌ണ ഗാന്ധിയുടെയും ഫാറൂഖ് അബ്‌ദുള്ളയുടെയും പേരുകളായിരുന്നു. എന്നാൽ, ഫാറൂഖ് അബ്‌ദുള്ളയ്‌ക്ക് താത്പര്യമില്ലെന്ന് മകനും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ള വ്യക്തമായിട്ടുണ്ട്. കോൺഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, ബി.ജെ.ഡി, അകാലിദൾ, ആംആദ്‌മി എന്നീ പാർട്ടികൾ വിട്ടുനിന്നത്. അടുത്തയാഴ്ച ( ജൂൺ 20അല്ലെങ്കിൽ 21) ശരദ് പവാറിന്റെ മുംബയിലെ വസതിയിൽ വീണ്ടും പ്രതിപക്ഷ യോഗം ചേരുമ്പോൾ ഇൗ പാർട്ടികളെ പങ്കെടുപ്പിക്കാൻ നീക്കമുണ്ട്.

ഗാന്ധി vs ഗോഡ്‌സെ

ഗാന്ധിജിയുടെ കൊച്ചുമകനും മുൻ അംബാസഡറുമായ ഗോപാല കൃഷ്‌ണ ഗാന്ധിക്ക് സി.പി.എം അടക്കം ഇടത് പാർട്ടികളുടെ പിന്തുണയുണ്ട്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് 'ഗാന്ധി- ഗോഡ്‌സെ' പോരാട്ടമാകുമെന്നാണ് അവരുടെ അഭിപ്രായം. അദ്ദേഹത്തിന്റെ പേര് 2017ലെ രാഷ്‌ട‌്രപതി തിരഞ്ഞെടുപ്പിലും ഉയർന്നെങ്കിലും മീരാകുമാറിനാണ് നറുക്കു വീണത്. പിന്നീട് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനോട് തോറ്റു.

വിമർശനവുമായി സേന

രാഷ്‌‌ട്രപതി തിരഞ്ഞെടുപ്പ് വേളകളിൽ പതിവായി പറഞ്ഞു കേൾക്കുന്ന പേരുകളായ ഗോപാലകൃഷ്‌ണ ഗാന്ധിക്കും ഫാറൂഖ് അബ്‌ദുള്ളയ്‌ക്കും വ്യക്തിത്വവും യോഗ്യതയുമില്ലെന്ന് തുറന്നടിച്ച് ശിവസേന മുഖപത്രമായ സാമ്‌ന. രാഷ്‌‌ട്രപതി സ്ഥാനാർത്ഥിയെപ്പോലും കണ്ടെത്താൻ കഴിയാത്ത പ്രതിപക്ഷം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ ശക്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ സൃഷ്‌ടിക്കുമെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു.

പൊതു സ്ഥാനാർത്ഥിക്കായുള്ള ചർച്ചകൾ ആറുമാസം മുമ്പേ തുടങ്ങണമായിരുന്നുവെന്നും, പ്രതിപക്ഷം വിഷയം ഗൗരവമായി കാണണമെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. ശരദ് പവാറിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന നിലപാടാണ് സേനയുടേത്.

ചർച്ചയ്‌ക്കായി 14 അംഗ ബി.ജെ.പി ടീം

സംസ്ഥാന ഘടകങ്ങളുമായും സഖ്യ കക്ഷികളുമായും സംസാരിച്ച് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് പിന്തുണ ഉറപ്പാക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത് കൺവീനറായി 14 സമിതിക്ക് ബി.ജെ.പി രൂപം നൽകി. പ്രതിപക്ഷവുമായുള്ള ചർച്ചകൾക്ക് ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും കഴിഞ്ഞ ദിവസം ശരദ് പവാർ, മമത ബാനർജി, നിതീഷ് കുമാർ, നവീൻ പട്നായിക്, ഫറൂഖ് അബ്‌ദുള്ള തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു.

Advertisement
Advertisement