'ഇസ്രയേൽ പോലെ പല രാജ്യങ്ങളും യുവാക്കൾക്ക് സൈനിക സേവനം നിർബന്ധമാക്കിയിട്ടുണ്ട്'; അഗ്നിപഥ് പദ്ധതിയിൽ സർക്കാരിനെ അഭിനന്ദിച്ച് കങ്കണ

Saturday 18 June 2022 1:17 PM IST

രാജ്യവ്യാപകമായി യുവാക്കൾ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ കടുത്ത പ്രക്ഷോഭമാണ് നടത്തുന്നത്. സേനാ തലവന്മാരുടെ യോഗം പ്രതിരോധമന്ത്രി വിളിച്ചിരിക്കുകയാണ്. ഇതിനിടെ അഗ്നിപഥ് പദ്ധതിയ്‌ക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറി വഴിയാണ് താരം അഗ്നിപഥ് സ്‌കീമിന് പിന്തുണ പ്രഖ്യാപിച്ചത്.

'ഇസ്രയേൽ പോലെ പല രാജ്യങ്ങളും എല്ലാ യുവാക്കൾക്കും സൈനികപരിശീലനം നിർബന്ധമാക്കിയിട്ടുണ്ട്. അച്ചടക്കവും ദേശീയതയുമടക്കമുള‌ള മൂല്യങ്ങൾ ജീവിതത്തിൽ പഠിക്കാൻ യുവാക്കൾക്ക് കുറച്ചുനാളത്തെ സൈനികപരിശീലനം വഴി കഴിയുന്നു. ഒരു തൊഴിൽ കെട്ടിപ്പടുക്കുക, ജോലി നേടുക, പണം സമ്പാദിക്കുക എന്നതിനെക്കാൾ ആഴത്തിലുള‌ള അർത്ഥം അഗ്നി‌പഥ് സ്‌കീമിനുണ്ട്. നിങ്ങളുടെ രാജ്യത്തിന്റെ അതിർത്തി കാക്കുക എന്നതാണ് അതിനർത്ഥം.' കങ്കണ പറയുന്നു.

മയക്കുമരുന്നും മറ്റും കാരണം നശിക്കുന്ന യുവാക്കളുടെ ഞെട്ടിക്കുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ടെന്നും അതിനാൽ ഇത്തരം പരിഷ്‌കാരങ്ങൾ സമൂഹത്തിൽ ആവശ്യമാണെന്നും കങ്കണ പറയുന്നു. പഴയകാലത്തെ ഗുരുകുല സമ്പ്രദായവുമായാണ് അഗ്നിപഥ് പരിശീലനത്തെ കങ്കണ താരതമ്യം ചെയ്യുന്നത്.

പരമാവധി നാല് വർഷക്കാലം താൽപര്യമുള‌ള യുവാക്കൾക്ക് സൈനിക സേവനം നിഷ്‌കർഷിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. ചൊവ്വാഴ്‌ചയാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. നാല് വർഷത്തെ സേവനശേഷം പിരിയുമ്പോൾ പെൻഷനോ, ഗ്രാറ്റുവിറ്റിയോ ഇല്ലാത്തതാണ് സ്‌കീം. ഇതിനെതിരെ സ്ഥിരതയാർന്ന ജോലിയ്‌ക്കും തൊഴിൽ ആനുകൂല്യങ്ങൾക്കുമുൾപ്പടെ വാദിച്ചാണ് യുവാക്കൾ രാജ്യത്താകെ കലാപം നടത്തുന്നത്.

Advertisement
Advertisement