പ്രതിഷേധം തണുപ്പിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്രം, ആഭ്യന്തരമന്ത്രാലയത്തിന് പുറമെ പ്രതിരോധ മന്ത്രാലയവും സംവരണം പ്രഖ്യാപിച്ചു

Saturday 18 June 2022 3:54 PM IST

ന്യൂഡൽഹി: അഗ്‌നിപഥിനെതിരെ കടുത്ത പ്രതിഷേധം രാജ്യമെമ്പാടും തുടരുന്നതിനിടെ പ്രതിഷേധക്കാരെ തണുപ്പിക്കാൻ കൂടുതൽ നടപടികളുമായി കേന്ദ്ര സ‌ർക്കാർ. പ്രതിരോധ മന്ത്രാലയത്തിലെ ഒഴിവുകളിലും അഗ്നിവീറിന് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചതിന് പുറമേയാണിത്.

നിർദേശത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളിൽ സംവരണം ലഭിക്കും. തീരരക്ഷാ സേനയിലും സംവരണം ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അഗ്നിപഥ് വഴി വരുന്നവർക്ക് അവസരം നൽകുമെന്ന് വ്യോമയാന മന്ത്രാലയവും പ്രഖ്യാപിച്ചിട്ടുണ്ട്.

അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയിൽ നിന്ന് നാല് വർഷം പൂർത്തിയാക്കിയ ശേഷം പുറത്ത് വരുന്ന അഗ്നിവീർ അംഗങ്ങൾക്ക് പിന്നീട് അർദ്ധസൈനിക വിഭാഗങ്ങളിലടക്കം ആഭ്യന്തരമന്ത്രാലയം രാവിലെ സംവരണം പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അടങ്ങിയിരുന്നില്ല. പിന്നാലെയാണ് കൂടുതൽ നടപടികളുമായി കേന്ദ്രം എത്തിയത്.

നിയമനങ്ങളിൽ അഗ്നിവീർ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. നിയമനങ്ങളിൽ ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവാണ് നൽകുക. ആദ്യ ബാച്ചിന് പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് നൽകും.

പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സേനാമേധാവിമാർ. നിലവിൽ 32 വയസാണ് മൂന്ന് സേനകളിലെയും ശരാശരി പ്രായം. ഇത് 24 മുതൽ 26 വയസ് വരെ ശരാശരി പ്രായമാക്കി കുറയ്ക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്. 46,000 തൊഴിലവസരങ്ങളാണ് മൂന്ന് സേനകളിലുമായി അഗ്നിപഥ് പദ്ധതി വഴി ഈ വർഷം ഒരുക്കുക. 2018-19 വർഷത്തിൽ കരസേനയിലേക്ക് മാത്രം എൺപതിനായിരത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സമരക്കാർ പ്രതിഷേധം ഉയർത്തുന്നത്.

അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ നിരവധി ട്രെയിനുകൾ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. കർശന സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്‌. ബിഹാറിലെ ജഹനാബാദിൽ ബസിന് തീയിട്ടിരുന്നു.

Advertisement
Advertisement