പ്രക്ഷോഭകർ സൂക്ഷിക്കുക, ഭാവിയിൽ വലിയ വില നൽകേണ്ടി വരും, മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

Saturday 18 June 2022 5:45 PM IST

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവർക്ക് ഭാവിയിൽ പൊലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമരത്തില്‍ ഏര്‍പ്പെട്ടാല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'ഇത്രയും അക്രമാസക്തമായ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുന്നു. ഇതൊന്നും ഒന്നിനും പരിഹാര മാര്‍ഗമല്ല. ഉദ്യോഗാർത്ഥികൾ ഇപ്പോൾ ചെയ്യേണ്ടത് സ്‌കീമിനെപ്പറ്റി പൂർണമായി മനസിലാക്കുക എന്നുള്ളതാണ്. അഗ്നിപഥ് പദ്ധതി പോസിറ്റീവായ ചുവടുവയ്‌പ്പാണ്.

പദ്ധതിയെക്കുറിച്ച് സംശയമുള്ളവർ അടുത്തുള്ള സൈനിക താവളങ്ങളുമായോ മറ്റോ ബന്ധപ്പെട്ട് സംശയം തീര്‍ക്കണം. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കുന്നു. സായുധ സേനയുടെ പ്രായപരിധി 30ൽനിന്ന് 25 വയസായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്'- ചൗധരി പറഞ്ഞു.

അഗ്നിപഥിനെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധം തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ നിരവധി ട്രെയിനുകൾ കത്തിച്ചു. പൊതു, സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ ആക്രമിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പ്രതിഷേധക്കാർ ബസുകൾ തകർത്തു. കർശന സുരക്ഷയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്‌. ബിഹാറിലെ ജഹനാബാദിൽ ബസിന് തീയിട്ടിരുന്നു.

Advertisement
Advertisement