വിൽപ്പനയ്ക്കായി കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചു; അഭിഭാഷകൻ അറസ്റ്റിൽ; പിടിയിലാകുന്നത് ഒരു മാസത്തെ ഒളിവ് ജീവിതത്തിന് ശേഷം

Saturday 18 June 2022 9:17 PM IST

തിരുവനന്തപുരം:നഗരത്തിലെ വീട്ടിൽ വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച സംഭവത്തിൽ അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു.വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായ പാറ്റൂർ നായനാർ ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന അഡ്വ.ആഷിക്ക് പ്രതാപൻ നായ‍‌രാണ് (46)​ അറസ്റ്റിലായത്.

ആയു‍ർവേദ കോളേജ് ജംഗ്ഷനിലുള്ള ആഷിക്കിന്റെ വീട്ടിൽ നിന്ന് ഒരു മാസം മുമ്പ് 9.6 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു.തമിഴ്നാട്ടിൽ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ച ഷംനാദിനെയും കൂട്ടാളിയായ അരുൾ അറുമുഖത്തെയും നേരെത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.വിശദമായ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തിൽ അഭിഭാഷകനുള്ള പങ്ക് വ്യക്തമായതെന്ന് കേസ് അന്വേഷിക്കുന്ന അസി.എക്സൈസ് കമ്മിഷണർ വെളിപ്പെടുത്തി.

ഒളിവിലായിരുന്ന ആഷിക്ക് വീട്ടിലെത്തിയെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ എക്സൈസ് ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ അഡ്വ.ആഷിക്ക് പ്രതാപൻ നായ‍‌രെ റിമാൻഡ് ചെയ്തു.